
വഖഫ് ഭേദഗതി ബില്‍ ഭരണഘടനയ്ക്കുനേരെയുള്ള ആക്രമണം: കോണ്‍ഗ്രസ്
വഖഫ് ഭേദഗതി ബില്‍ ഭരണഘടനയുടെ മേലുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബിജെപിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ബില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടേയും ഭാഗമാണിതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മത പരിഗണനയില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ അവകാശങ്ങളിലും സംരക്ഷണത്തിലും വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണ് ഈ ബില്‍. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി സമൂഹത്തില്‍ സ്ഥിരമായ വര്‍ഗീയധ്രുവീകരണം നിലനിര്‍ത്തുന്നതിനായി ന്യൂനപക്ഷങ്ങളുടെ പാരമ്പര്യങ്ങളേയും സ്ഥാപനങ്ങളേയും അപമാനിക്കാനുള്ള ബിജെപിയുടെ തന്ത്രവും തുടര്‍ച്ചയായ ശ്രമങ്ങളുടേയും ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റെ സംയുക്ത സമിതി വഖഫ് ഭേദഗതി ബില്ലിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് 655 പേജുള്ള റിപ്പോര്‍ട്ട് ജനുവരി 30ന് സമര്‍പ്പിച്ചിരുന്നു. ബില്‍ ഇതുവരേയും സമ്മേളനത്തിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ നടക്കുന്ന ബജറ്റ് സെഷനില്‍ നിര്‍ദ്ദിഷ്ട ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.