
വഖഫ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ വിവാദ വഖഫ് (ഭേദഗതി) ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.
ബില്ലിനെ ഒരുമിച്ച് എതിര്‍ക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്. ബില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് പാര്‍ലമെന്റില്‍ സന്നിഹിതരായിരിക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടികളും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
ബില്‍ ലോകസഭയില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രധാനപ്പെട്ട പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വേണമെങ്കില്‍ ചര്‍ച്ചാ സമയം കൂട്ടാനും തീരുമാനമുണ്ട്. ചര്‍ച്ചയ്ക്കുശേഷം ബില്‍ ലോകസഭ പാസാക്കും.
ബില്ലിന് മതപരമായ ലക്ഷ്യമില്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മന്ത്രിയുടെ അവതരണ പ്രസംഗത്തിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് എന്നും മന്ത്രി പറഞ്ഞു.
യുഎപി ഭരണമായിരുന്നുവെങ്കില്‍ പാര്‍ലമെന്റിനെ വഖഫിന് നല്‍കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശ വാദം ഉന്നയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡിനെ കൂടുതല്‍ മതേതരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ആക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


