
വഖഫ് ബില്‍ പ്രതിഷേധം: യുപിയില്‍ 300 ഓളം പേര്‍ 2 ലക്ഷം രൂപ വീതം ബോണ്ട് നല്‍കണം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമത്തിനെതിരെ നിശബ്ദ പ്രതിഷേധം നടത്തിയ 300 ഓളം പേര്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍. മുസാഫര്‍നഗറില്‍ കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടി പ്രതിഷേധിച്ചവരോടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് നല്‍കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
മാര്‍ച്ച് 28ന് റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ചയില്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ കറുത്തബാന്‍ഡ് കെട്ടി പങ്കെടുത്തിരുന്നു.
അതൊരു നിശബ്ദ പ്രതിഷേധമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറയുന്നു. മുദ്രാവാക്യം വിളികളോ പോസ്റ്ററുകളോ ഉണ്ടായിരുന്നില്ല.
ഇസ്ലാമിക നിയമം അനുസരിച്ച് മത, വിദ്യാഭ്യാസ, ചാരിറ്റബിള്‍ കാര്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഭൂമിയാണ് വഖഫ്. ഓരോ സംസ്ഥാനത്തും ഈ ഭൂമി കൈകാര്യം ചെയ്യുന്നതിനായി നിയമപരമായ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
1995ലെ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. അതനുസരിച്ച് വഖഫ് ബോര്‍ഡില്‍ മുസ്ലിമിതര വ്യക്തികളെ ഉള്‍പ്പെടുത്തി. വഖഫിലേക്ക് ഭൂമി ദാനം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും വഖഫ് ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം കൊണ്ടുവരികയും ചെയ്തു. ഇന്നലെ പ്രസിഡന്റ് ദ്രൗപദി മുര്‍മു വഖഫ് ബില്ലില്‍ ഒപ്പുവച്ചു.