TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിന്റെ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്

14 Jan 2025   |   1 min Read
TMJ News Desk

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും തീരങ്ങളില്‍ നാളെ രാത്രിയില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ദേശീയ കേന്ദ്രം (ഇന്‍കോയിസ്). രൂക്ഷമായ തിരയാക്രമണത്തോടെ പെട്ടെന്ന് കടല്‍ കയറുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം.

രാത്രി 11.30 ഓടെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നും കടല്‍ കയറാന്‍ സാധ്യതയുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു. അപകടസാധ്യതാ മേഖലകളില്‍ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

ചെറുബോട്ടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവയില്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചില്‍ യാതൊരു വിനോദസഞ്ചാര പ്രവര്‍ത്തനവും പാടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കടല്‍ കയറുന്നത് മൂലം തീരശോഷണം സംഭവിക്കുന്നത് കാരണം കൂടൂതല്‍ ശ്രദ്ധവേണം. കള്ളനെ പോലെ പെട്ടെന്ന് കടല്‍ കയറി വരുന്നതിനെയാണ് കള്ളക്കടല്‍ എന്ന് പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ ചില സമയങ്ങളില്‍ സൂചനകളും മുന്നറിയിപ്പുകളും ഇല്ലാതെ ശക്തമായ കാറ്റ് വീശുന്നത് മൂലമാണ് കള്ളക്കടല്‍ ഉണ്ടാകുന്നത്.



#Daily
Leave a comment