TMJ
searchnav-menu
post-thumbnail

TMJ Daily

വാറന്‍ ബുഫെ വിരമിക്കുന്നു; ആബേല്‍ പകരക്കാരനാകും

04 May 2025   |   1 min Read
TMJ News Desk

ലോക പ്രശസ്ത നിക്ഷേപകനായ വാറന്‍ ബുഫെ 60 വര്‍ഷം നീണ്ട കരിയറിനുശേഷം ബര്‍ക്ക്‌ഷെയറ് ഹാത്ത്‌വേയുടെ സിഇഒ സ്ഥാനം ഒഴിയുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയുന്ന അദ്ദേഹത്തിന് പകരമായി നിലവിലെ വൈസ് പ്രസിഡന്റായ ഗ്രെഗ് ആബേല്‍ സ്ഥാനമേല്‍ക്കും.

ബര്‍ക്ക്‌ഷെയറിന്റെ വാര്‍ഷിക യോഗത്തിലാണ് 94 വയസ്സുകാരനായ വാറന്‍ ബുഫെ വിരമിക്കുമെന്ന പ്രസ്താവന നടത്തിയത്. ബ്ലൂംബര്‍ഗിന്റെ റാങ്കിങ് പ്രകാരം ലോകത്തിലെ നാലാമത്തെ ധനികനായ വ്യക്തിയാണ് വാറന്‍. 154 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ആറാം വയസ്സില്‍ സമ്പാദിച്ചു തുടങ്ങുകയും 11ാം വയസ്സില്‍ ആദ്യ ഓഹരികള്‍ വാങ്ങുകയും 13ാം വയസ്സില്‍ ആദ്യമായി നികുതി അടയ്ക്കുകയും ചെയ്ത വാറന്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആവേശമാണ്.

1.16 ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപ സ്ഥാപനമായി ബര്‍ക്ക്‌ഷെയറിനെ വളര്‍ത്തിയത് വാറന്‍ ബുഫെയുടെ നേതൃത്വത്തിലാണ്.

തന്റെ തീരുമാനം അറിയാമായിരുന്നത് മക്കളായ ഹൊവാര്‍ഡിനും സൂസി ബുഫെയ്ക്കുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമി ആബേല്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വിരമിക്കുമെന്ന പ്രഖ്യാപനം ആബേലും അവിശ്വസനീയതയോടെയാണ് കേട്ടത്. സമ്മേളന വേദിയില്‍ വാറനൊപ്പം ആബേലും ഉണ്ടായിരുന്നു. തന്റെ പിന്‍ഗാമിയായി നാല് വര്‍ഷം മുമ്പ് വാറന്‍ ആബേലിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, വിരമിക്കുന്ന സമയം അദ്ദേഹം പ്രഖ്യാപിച്ചത് ഇപ്പോഴാണ്.

ബര്‍ക്ക്‌ഷെയറില്‍ തനിക്കുള്ള ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതികള്‍ ഇല്ലെന്നും വാറന്‍ യോഗത്തില്‍ പറഞ്ഞു. അവ ദാനം ചെയ്യുമെന്ന് വെളിപ്പെടുത്തി.

ബര്‍ക്ക്‌ഷെയറിന് 60ല്‍ അധികം കമ്പനികളുടെ ഉടമസ്ഥാവകാശം ഉണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയായ ഗീക്കോ, ബാറ്ററി നിര്‍മ്മാതാക്കളായ ഡൂറാസെല്‍, റെസ്റ്റോറന്റ് ശൃംഖലയായ ഡയറി ക്യൂന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ആപ്പിള്‍, കൊക്കക്കോള, ബാങ്ക് ഓഫ് അമേരിക്ക, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവയില്‍ ഓഹരി നിക്ഷേപവും ഉണ്ട്.


#Daily
Leave a comment