IMAGE | WIKI COMMONS
ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷം: ഹിമാചല്‍പ്രദേശ് കൂടുതല്‍ വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി
ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം നല്‍കാന്‍ ഹിമാചല്‍പ്രദേശിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് അധിക ജലം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അധിക ജലം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിക്കും ഡല്‍ഹി മന്ത്രി അതീഷി മര്‍ലേന കത്തയച്ചിരുന്നു. എന്നാല്‍ വെള്ളം നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് മെയ് മാസത്തില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശരാശരി താപനില രേഖപ്പെടുത്തിയത് 41.4 ഡിഗ്രിയായിരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശുദ്ധജലത്തിന്റെ ഉപഭോഗത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. കുടിവെള്ളം പാഴാക്കുന്നവരില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴയീടാക്കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ പല മേഖലകളിലും ജലവിതരണം തടസപ്പെട്ടു. വേനലിലേക്കുള്ള ജല സംഭരണത്തിനായി എഎപി നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബിജെപി ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി ഉഷ്ണതരംഗം ഡല്‍ഹിയില്‍ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.