വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിനെ തുടർന്ന്, വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബുധനാഴ്ച രാവിലെ തന്നെ കോഴിക്കോട് കലക്ട്രേറ്റിൽ വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധന നടന്നതായാണ് റിപ്പോർട്ടുകൾ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് പരിശോധനയ്ക്ക് വേണ്ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിച്ചു വരുത്താൻ നിർദേശം നൽകിയത്. മോക്ക് പോളിങ് ഉൾപ്പെടെ നടത്തിയാണ് പരിശോധന.
രാഹുലിന്റെ അയോഗ്യത തുടരുന്നു
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണ് എന്ന വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രാഹുൽ അയോഗ്യനായി തുടരുകയാണ്. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. അവധിക്ക് ശേഷം വിധി പ്രസ്താവിക്കും എന്നാണ് ജഡ്ജി ഹേമന്ത് പ്രച്ഛക് വ്യക്തമാക്കിയത്. മെയ് അഞ്ചിന് അടച്ച കോടതി അവധി കഴിഞ്ഞ് ജൂൺ അഞ്ചിനാണ് തുറന്നത്.
അപകീർത്തി കേസ്
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരമാർശത്തെ തുടർന്നാണ് ഏപ്രിൽ 23 ന് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചത്. പേരിൽ 'മോദി' എന്ന് ചേർത്തിരിക്കുന്ന എല്ലാവരെയും രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണ്ണേഷ് മോദി നൽകിയ പരാതിയിലായിരുന്നു വിധി. പിന്നാലെ രാഹുൽ ഗാന്ധിയുടെ നിയമസഭാംഗത്വം നഷ്ടമായി.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് കേസിന് ആസ്പദമായ സംഭവം. കർണാടകയിലെ കോലാറിൽ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന തുടർനാമമുള്ളത്' എന്ന് രാഹുൽ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേർത്തുവച്ചുകൊണ്ടാണ് അത്തരം പരാമർശം നടത്തിയത്. എന്നാൽ, രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമായി രാഹുൽ നടത്തിയ പരാമർശം, മോദിയെന്ന ജാതിയെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂർണ്ണേഷ് മോദി പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു പരാതി. രണ്ടു വർഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമ്മ ചുമത്തിയത്.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വർമ (എച്ച്.എച്ച് വർമ) അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതി നൽകിയ ശുപാർശയും ഗുജറാത്ത് സർക്കാരിന്റെ വിജ്ഞാപനവുമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ ശുപാർശയും സർക്കാരിന്റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഓഫീസർമാരുടെ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഇടക്കാല സ്റ്റേ.
കാറ്റിൽ പറത്തുന്ന ചട്ടങ്ങൾ
സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ ഹരിഷ് ഹസ്മുഖ് ഭായ് വർമയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്. 65 ശതമാനം പ്രമോഷൻ ക്വാട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200 ൽ 127 മാർക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എംപി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ വിധി പുറപ്പെടുവിച്ച എച്ച്.എച്ച് വർമയുടെ സ്ഥാനക്കയറ്റം നേരത്തെ വിവാദമായിരുന്നു. സീനിയർ സിവിൽ ജഡ്ജി കേഡർ ഓഫീസർമാരായ രവികുമാർ മാഹേത, സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരായിരുന്നു 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
സ്ഥാനക്കയറ്റം നൽകാനും ഏപ്രിൽ 18 ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണ തിടുക്കത്തിൽ സുപ്രീംകോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും ഗുജറാത്ത് സർക്കാർ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഇത് അംഗീകരിക്കാനാവില്ല. സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നൽകിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
നിലവിൽ സ്ഥാനക്കയറ്റം ലഭിച്ചവരെക്കാൾ ഉയർന്ന മാർക്ക് നേടിയവർ ഉണ്ടായിരുന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. കുറഞ്ഞ മാർക്ക് നേടിയവരെ നിയമിച്ചത് മെറിറ്റ് പരിഗണിക്കാതെ സീനിയോറിറ്റിക്ക് പ്രാധാന്യം നൽകിയാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്മെന്റ് ചട്ടങ്ങൾ അനുസരിച്ച് ജില്ലാ ജഡ്ജിയായി നിയമനം നടത്തേണ്ടത് മെറിറ്റ് കം സീനിയോറിറ്റി തത്വത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിർത്തിയുമാണ്. ഹർജി തീർപ്പാക്കാൻ ബെഞ്ച് തയ്യാറായില്ല. ജസ്റ്റിസ് എം ആർ ഷാ മെയ് 15 ന് വിരമിക്കുന്നതിനാൽ ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ഉചിതമായ ബെഞ്ച് പരിഗണിക്കണമെന്നും കോടതി അന്ന് നിർദേശിച്ചു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥർ അതിനു മുൻപ് വഹിച്ചിരുന്ന ചുമതലകളിലേക്ക് മടങ്ങിപ്പോകണമെന്നും കോടതി ഉത്തരവിട്ടു.