
വയനാട് ദുരന്തം; വീട് നഷ്ടപരിഹാരം ലഭിക്കുന്നവര്‍ക്ക് ദുരന്തഭൂമിയിലെ വീട് ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ല: മന്ത്രി
വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ആദ്യ പട്ടിക തയ്യാറാണെങ്കിലും അതിലെ 15 ഓളം കാര്യങ്ങളില്‍ ജില്ലാ ഭരണകൂടം വ്യക്തത ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വ്യക്തത വരുത്തുകയും നിയമ വിഭാഗം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വയനാട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ ദുരന്തപ്രദേശത്തെ ഗോ, നോ-ഗോ സോണ്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരമുള്ള രണ്ടാമത്തെ ലിസ്റ്റിലെ (എ) നോ-ഗോ സോണില്‍ നേരിട്ട് ഉള്‍പ്പെടുന്ന ആളുകളും ബി ലിസ്റ്റില്‍ നോ-ഗോ സോണ്‍ ഉള്ളതിനാല്‍ ഒറ്റപ്പെട്ടുപോകുന്ന പ്രദേശത്തെ ആളുകളുടെ ലിസ്റ്റുമാണ്. അതിന്റെയും കരട് തയ്യാറായിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
രണ്ടാമത്തെ ലിസ്റ്റിലെ ബിയില്‍ ഉള്‍പ്പെടുന്നരുടെ പ്രശ്നം ചിലയിടങ്ങളില്‍ വഴിയില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു പോയി എന്നതാണ്. അവിടേയ്ക്ക് വഴി ശരിയാക്കിയാല്‍ പ്രശ്നം പരിഹരിക്കാവുന്നതാണ്. അവരുടെ പ്രശ്നം പഠിക്കുന്നതിനായി അടുത്ത ദിവസങ്ങളിലായി പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, പിബ്ല്യുഡി നിരത്ത് വിഭാഗം, കെആര്‍എഫ്ബിയുടെ എഞ്ചിനീയറിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്ന് റോഡ് നിര്‍മ്മിക്കുന്നതിനുള്ള ചെലവ്, നിര്‍മ്മാണത്തിന് എത്ര ദിവസം വേണം, നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കണമോ എന്നീ കാര്യങ്ങള്‍ പഠിച്ച് ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് കിട്ടിയാല്‍ നാലാം തീയതി തന്നെ റവന്യുവിന്റെയും പഞ്ചായത്തിന്റെയും ഡിസാസ്റ്റര്‍ മനേജ്മെന്റിന്റെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട് ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുകയോ, നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്യുന്നവര്‍ക്ക് വീണ്ടും ദുരന്ത പ്രദേശത്ത് നിലനില്‍ക്കുന്ന വീടും കെട്ടിടവും ഉപയോഗിക്കാന്‍ അനുവാദം ഉണ്ടാവില്ല. നഷ്ടപരിഹാരം വാങ്ങി ലിസ്റ്റില്‍ നിന്നും പിന്‍മാറാന്‍ താല്‍പര്യമുള്ളവരുടെ അഭിപ്രായവും തേടിയ ശേഷമാണ് പട്ടിക പ്രസിദ്ധീകരിക്കുക. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് വീടുണ്ടെങ്കില്‍ ഏത് പട്ടികയില്‍പ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്. വീട്ടിലെല്ലാവരും നഷ്ടപ്പെട്ടവരുടെ തുടര്‍ച്ചാവകാശികളെ എങ്ങനെ നിശ്ചയിക്കും എന്നുള്ളതും പരിഹരിക്കേണ്ട വിഷയമാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഉടന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ആക്ഷേപം സ്വീകരിക്കാന്‍ 10 ദിവസം നല്‍കുന്നതാണ്. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.