TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കും; ആശ്രിതര്‍ക്ക് ധനസഹായം നല്‍കും

14 Jan 2025   |   1 min Read
TMJ News Desk

യനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി രണ്ട് സമിതികള്‍ രൂപീകരിക്കും. ഒന്ന് സംസ്ഥാന തലത്തിലും രണ്ടാമത്തേത് പ്രാദേശികതലത്തിലും.

വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും അടങ്ങിയ പ്രാദേശിക സമിതിയാണ് ഇതുസംബന്ധിച്ച ആദ്യത്തെ പട്ടിക തയ്യാറാക്കുന്നത്. ഈ സമിതി തയ്യാറാക്കുന്ന ഈ പട്ടികയെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ചശേഷം ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പില്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സംസ്ഥാന തല സമിതി സമര്‍പ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന ശുപാര്‍ശയടക്കമുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതി സൂക്ഷ്മ പരിശോധന നടത്തും.

ഈ സൂക്ഷ്മ പരിശോധനയ്ക്കുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. പട്ടികയിലുള്ള കാണാതായവരെ മരിച്ചതായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിക്കും. കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റും നല്‍കും.

ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ഇനിയും കണ്ടെത്താന്‍ കഴിയാത്ത 32 പേരുണ്ട്.




#Daily
Leave a comment