
വയനാട് ദുരന്തം: പ്രത്യേക കേന്ദ്ര സഹായമില്ല
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തം അതിജീവിക്കുവാൻ പ്രത്യേക കേന്ദ്രസഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം തൽക്കാലം നടപ്പില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ അറിയിച്ചതാണ് ഈ വിവരം. കേരളത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിൽ 2024 ഏപ്രിൽ 1 വരെ 391 കോടി രൂപ ബാക്കിയുണ്ടെന്നും അത് പുനരധിവാസത്തിന് ഉപയോഗിക്കണമെന്നുമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. കേരളം അടിയന്തിര സഹായമായി 1,500 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
പ്രധാനമന്തി നരേന്ദ്ര മോഡി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ ഇതോടെ ജലരേഖയാവുമെന്ന ആശങ്കയിലാണ് ദുരന്ത ബാധിത മേഖലയിലെ ജനങ്ങൾ. കേരളം ആവശ്യപ്പെട്ട അടിയന്തിര സഹായം വൈകിപ്പിക്കുന്നത് സംസ്ഥാനത്തിനോടുള്ള വെല്ലുവിളിയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ നിലപാട് ശരിയല്ലെന്ന് കെ വി തോമസും പറഞ്ഞു. ദുരന്തം സംഭവിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും സഹായം വൈകിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരെ മുഖ്യമന്ത്രി നേരിൽ കാണുകയും സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. വിശദമായ നിവേദനവും നൽകി, തോമസ് വ്യക്തമാക്കി. വയനാടിന് അർഹതപ്പെട്ട അടിയന്തിര സഹായം നേടിയെടുക്കുന്നതിന് സംസ്ഥാനത്തെ പ്രതിപക്ഷവും, ബിജെപിയും സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ അവസാനം ഉണ്ടായ കനത്ത മഴയിലും, മണ്ണിടിച്ചിലിലും 400ലധികം പേർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയൂം ചെയ്തു. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. ഇതിനു പുറമെ വീടുകളും, കൃഷിസ്ഥലങ്ങളും പൂർണ്ണമായും നശിച്ചുപോയിട്ടുണ്ട്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചത്.


