
വയനാട് ദുരന്തം: കേന്ദ്രത്തിനെതിരെ ഒറ്റക്ക് സമരം ചെയ്യുമെന്ന് വി ഡി സതീശൻ
വയനാട് ദുരന്തം അതിജീവിക്കുന്നതിന് കേരളത്തിന് പ്രത്യേകസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് ഒറ്റക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽഡിഎഫ് എപ്പോഴാണ് ബിജെപിയുമായി കൈക്കോർക്കുന്നതെന്ന് പറയാനാവില്ല അത് കൊണ്ടാണ് യോജിച്ച സമരത്തിന് ഇല്ലാത്തതെന്ന് സതീശൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ നിലപാട് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള സംസ്ഥാനങ്ങൾക്ക് അനുവദിച്ചതു പോലുള്ള സഹായമാണ് കേരളത്തിനും വേണ്ടത്. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്, സതീശൻ പറഞ്ഞു.
അതിനിടെ വയനാട് ദുരിതാശ്വാസത്തിന് പണം അനുവദിക്കുന്ന കാര്യത്തിൽ ഈ മാസം തന്നെ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വെള്ളിയാഴ്ച്ച പറഞ്ഞു. കൂടുതൽ പണം അനുവദിക്കാനാകില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്ത് ചൂണ്ടിക്കാട്ടിയ കേരളം, കേന്ദ്രം പുലർത്തുന്ന അവഗണന കോടതിയുടെ മുൻപിൽ അവതരിപ്പിച്ചു. കത്തിലെ ഉള്ളടക്കത്തിലെ വിശദാംശങ്ങളിൽ കൂടുതൽ പണം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞതായി കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.