
വയനാട് ഉരുള്‍പൊട്ടല്‍: പോത്തുകല്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 11 മൃതദേഹങ്ങള്‍
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് കിട്ടിയത് 11 മൃതദേഹങ്ങള്‍. പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ട്. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു.
ഉയരുന്ന മരണസംഖ്യ
ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതായും സൂചനയുണ്ട്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ആദ്യ ഉരുള്‍പോട്ടല്‍ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി ഉരുള്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.
മലവെള്ളപ്പാച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായെന്നാണ് വിവരം.
നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവധിയില്‍ ഉള്ളവരോട് തിരികെ ജോലിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.