വയനാട് ഉരുള്‍പൊട്ടല്‍; ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ രാജ്യസഭയില്‍ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. മുന്നറിയിപ്പ് കേരളം എന്തിന് അവഗണിച്ചെന്ന് ചോദിച്ചാണ് അമിത് ഷാ വിമര്‍ശിച്ചത്.
ദുരന്തത്തില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. കേരളം അടക്കം പ്രളയ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് 20 സെന്റീമീറ്ററില്‍ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലെെ 23-ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അമിത് ഷാ പറഞ്ഞു. ജൂലെെ 24, 25, 26 തീയതികളിലും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ വെബ് സൈറ്റിലും ഈ മുന്നറിയിപ്പ് ഉണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പത് ബെറ്റാലിനുകളെ ജൂലൈ 23-ന് തന്നെ അയച്ചെന്നും അമിത് ഷാ വ്യക്തമാക്കി.