.jpg)
വയനാട് ഉരുള്‍പൊട്ടല്‍; വിദഗ്ധ സംഘം പരിശോധന നടത്തും
ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ വിദഗ്ധസംഘം പരിശോധന നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന സംഘം അപകടസാധ്യത വിലയിരുത്തുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണം തീരുമാനിക്കുക.
ചാലിയാറില്‍ ജനകീയ തിരച്ചില്‍
നിലമ്പൂര്‍ ചാലിയാര്‍ തീരത്ത് ജനകീയ തിരച്ചില്‍ ആരംഭിച്ചു. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്റെ തിരച്ചില്‍. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലില്‍ പങ്കെടുക്കും. ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു.