വയനാട് ഉരുള്‍പൊട്ടല്‍; രക്ഷാദൗത്യം കാര്യക്ഷമമാക്കാന്‍ ബെയിലി പാലം
ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബെയിലി പാലം നിര്‍മ്മിക്കാന്‍ സജ്ജമായി സൈന്യം. ബെയിലി പാലം നിര്‍മാണത്തിനുള്ള സാമഗ്രികളും ഉപകരണങ്ങളുമായി സൈന്യം ഇന്ന് എത്തും.
17 ട്രക്കുകളിലായിരിക്കും സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതുകൊണ്ടുതന്നെ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനായി യന്ത്രങ്ങള്‍ എത്തിക്കേണ്ടിവരും. കോണ്‍ക്രീറ്റ് കട്ടറുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മുറിച്ച് മാറ്റുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു.
ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം സൈനികരും അഗ്‌നിശമന സേനയും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു. താത്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. മണിക്കൂറോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്. പാലം നിര്‍മ്മിക്കുന്നതിലൂടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ സാധ്യമാക്കും. ഉരുള്‍പൊട്ടല്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.