വയനാട് ഉരുള്‍പ്പൊട്ടല്‍; മാധ്യമങ്ങളെക്കണ്ട് മുഖ്യമന്ത്രി
നമ്മുടെ നാട് ഇതുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും കേരളത്തിലുണ്ടായ കനത്ത മഴയുടെയും അടിസ്ഥാനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലായിരുന്നു വാര്‍ത്താ സമ്മേളനം. ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആകാവുന്ന രീതിയില്‍ തുടരുകയാണെന്നും അദ്ധേഹം പറഞ്ഞു.
5 മന്ത്രിമാര്‍ വയനാട്ടിലെ ദുരന്തമുഖത്ത് നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈന്യം ഉള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഒരുക്കാനും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചര്‍ത്തു.
ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യത്തിനു വീണ്ടും ശ്രമിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് നിന്ന് ഫൊറൻസിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ടെന്നും 20000 ലിറ്റർ വെള്ളവുമായി ജല വിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തടസ്സപെടുത്തുന്ന രീതിയിലുള്ള സന്ദർശനം നിർബന്ധമായും ഒഴിവാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്നവരെ എല്ലാ തരത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങണമെന്നും അദ്ധേഹം പറഞ്ഞു.