വയനാട് ഉരുള്‍പൊട്ടല്‍; മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം
വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം. കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്ന് സംസ്ഥാനം. എന്നാല്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. മുന്‍പും ദുരന്ത അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടി
മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആരോപണങ്ങള്‍ക്കിടയിലാണ് മുന്നറിയിപ്പുകളെ ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാകുന്നത്. ജൂലൈ 29 ന് ഉച്ചയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്ര കടുത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കില്‍ പറയുന്നത്. 2018 ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പിന്തുടരാനാരംഭിക്കുന്നത്.
രാജ്യസഭയില്‍ വിമര്‍ശനവുമായി അമിത് ഷാ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ചിരുന്നു.