
വയനാട് ഉരുള്‍പ്പൊട്ടല്‍; മരണസംഖ്യ ഉയരുന്നു, സഹായവാഗ്ദാനവുമായി തമിഴ്നാട്
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 54 ആയി. ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. നിരവധിയാളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മേപ്പാടി ആശുപത്രിയില്‍ 18 പേരുടെയും സ്വകാര്യ ആശുപത്രിയില്‍ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 100 ലധികം ആളുകള്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ കോഴിക്കോടേക്ക് തിരിച്ച് പോയി.
ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സഹായ വാഗ്ദാനവുമായി തമിഴ്നാട്
വയനാടുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായ വാഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവ നല്‍കാന്‍ തയ്യാറാണെന്നും സ്റ്റാലിന്‍ പറഞ്ഞു. കേരളത്തിന് സാമ്പത്തികമായും അല്ലാതെയും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സ്റ്റാലിന്‍ ഫേസ് ബുക്കില്‍ കുറിച്ചു.