TMJ
searchnav-menu
post-thumbnail

TMJ Daily

രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്, വയനാട് ദുരന്തത്തെ നിസ്സാരവൽക്കരിച്ച് മുരളീധരൻ

19 Nov 2024   |   1 min Read
TMJ News Desk

യനാട് ദുരന്തത്തെ നിസാരവത്കരിച്ച് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ. ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ ഒലിച്ചു പോയെന്ന് പറയുന്നത് ശരിയല്ലെന്ന് വി മുരളീധരൻ പറഞ്ഞു. രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ഇന്ത്യാസഖ്യം വ്യാജ പ്രചരണം നടത്തുന്നുവെന്നും വി മുരളീധരൻ ആരോപിച്ചു.

ദുരന്തമേഖലയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി പോയിട്ടും കേരളത്തിന് അനുകൂലമായി നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഈ കൈമലർത്തൽ വിവാദമായിരുന്നു. കേന്ദ്രത്തിനെതിരെ വയനാട് ജില്ലയിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുമ്പോഴാണ് വി മുരളീധരന്റെ പ്രതികരണം. കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1,500 കോടി രൂപ കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരാണ്. ഇതിന് പുറമേ പുനരധിവാസ പാക്കേജും പൂർത്തിയാക്കേണ്ടതുണ്ട്.  സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 394 കോടി രൂപയുണ്ടെങ്കിലും ഇതിൽ നിന്നു മാനദണ്ഡങ്ങൾക്ക് വിധേയമായി വളരെ പരിമിതമായ തുക മാത്രമേ ചിലവഴിക്കാൻ സാധിക്കൂ. മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ കേന്ദ്രത്തോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.

വയനാടിന് അധികധനസഹായം നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലെന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹർത്താൽ നാടകമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കണക്ക്‌ നൽകാത്തതുകൊണ്ടാണ്‌ പുനരധിവാസത്തിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം അനുവദിക്കാത്തതെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചിരുന്നു.



#Daily
Leave a comment