
വയനാട് ഉരുള്‍പൊട്ടല്‍; ഏഴാം ദിവസം
ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്നും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലില്‍ മരണം 350 കടന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 180 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും.
1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകളും പ്രദേശത്ത് ഉപയോഗിക്കും. ചാലിയാറിലും തിരച്ചില്‍ തുടരും. ചാലിയാറില്‍ നിന്ന് ഞായറാഴ്ച കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലും പരിശോധനയുണ്ടാകും. കൂടുതല്‍ സ്ഥലങ്ങളില്‍ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്.
ഡി.എന്‍.എ. പരിശോധന
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിളുകള്‍ ശേഖരിച്ച് തുടങ്ങി. മരിച്ചവരുമായി അടുത്ത രക്തബന്ധമുള്ള, രക്തപരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമായിരിക്കും രക്തസാംപിളുകള്‍ ശേഖരിക്കുന്നത്. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാംപിളുകള്‍ ശേഖരിക്കുന്നത്.