TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ 

01 Jan 2025   |   1 min Read
TMJ News Desk

യനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുനരധിവാസ പാക്കേജിന് അംഗീകാരം നല്‍കി. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലുമാണ് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചുമതല.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്‍പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആണ് നല്‍കുന്നത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൗണ്‍ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിലെ ഉടമകള്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കും.

സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണെന്നും വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ കാര്യത്തില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതര്‍ക്കും അനുവദിക്കും. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായി (പി.എം.സി) കിഫ്ബിയെ ആണ്. ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു.





#Daily
Leave a comment