വയനാട് ഉരുള്‍പൊട്ടല്‍; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ നിന്ന് 134 മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നും കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമെന്നാണ് സൂചന. ചാലിയാറില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വയനാട്ടിലേക്ക് അയച്ചിരുന്നു.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 287 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്. ഇതുവരെ 1592 പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷിച്ചത്.
മൂന്നാം ദിനം
കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ യന്ത്രസന്നാഹങ്ങളും ഇന്നെത്തും. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നുണ്ട്. ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനില്‍ക്കുന്നവരെ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞിട്ടില്ല.