വയനാട് ഉരുള്‍പൊട്ടല്‍ ; ആറ് സോണുകളായി തിരിഞ്ഞ് തിരച്ചില്‍
വയനാട് ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ ആശങ്കയായി മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 290 കടന്നു. ഇരുനൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ നാലാം ദിനം 6 സോണുകളില്‍ 40 അംഗ ടീമായി തിരിഞ്ഞ് തിരച്ചില്‍ നടത്താനാണ് തീരുമാനം.
മുണ്ടക്കൈയില്‍ ആറ് സോണുകളായി തിരിച്ചാണ് തിരച്ചില്‍. അട്ടമലയും ആറന്മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാര്‍മല സ്‌കൂള്‍ അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരമാണ് ആറാമത്തെ സോണ്‍. സൈന്യം, എന്‍ഡിആര്‍എഫ്, നേവി, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുക. ഓരോ സംഘത്തിലും പ്രദേശവാസികളായ മൂന്നുപേരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും.
ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ പുരോഗമിക്കുകയാണ്. ഒരേ സമയം മൂന്ന് രീതിയിലാണ് തിരിച്ചില്‍ നടത്തുക. ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായവരും പരിശോധന നടത്തും. കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്നുള്ള പരിശോധനയും ഉണ്ട്.