വയനാട് ഉരുള്‍പൊട്ടല്‍; അനുശോചനം രേഖപ്പെടുത്തി യുഎഇ
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ. ഇന്ത്യയ്ക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം ഐക്യദാര്‍ഢ്യം അറിയിച്ചു. അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട് . ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവും അനുശോചനം അറിയിച്ചിരുന്നു.
ചാലിയാര്‍ പുഴയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍
ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ച 72 പേരുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതില്‍ 43 മൃതദേഹങ്ങളും 29 മൃതദേഹാവശിഷ്ടങ്ങളുമാണ്. ഇതുവരെ നാല് പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചൂരല്‍മലയില്‍നിന്ന് ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളാണിത്. ഇന്ന് മാത്രം ചാലിയാര്‍ പുഴയില്‍ നിന്ന് 11 മൃതദേഹവും 4 ശരീരഭാഗങ്ങളും ലഭിച്ചു. ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ച് മൃതദേഹങ്ങള്‍ മേപ്പാടി സിഎച്ച്എസ്‌സിയിലേക്ക് കൊണ്ടുപോകാനാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ച 34 മൃതദേഹങ്ങളും 26 മൃതദേഹ അവശിഷ്ടങ്ങളുമാണ് കൊണ്ടുപോകുന്നത്. 28 ആംബുലന്‍സുകള്‍ ഇതിനായി ഫ്രീസര്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.