
വയനാട് പുനരധിവാസം: കേന്ദ്രം 529.50 കോടി വായ്പ നല്‍കും
വയനാട് പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ വായ്പ അനുവദിച്ചു. ടൗണ്‍ഷിപ്പ് അടക്കമുള്ള 16 പദ്ധതികള്‍ക്കായിട്ടാണ് 529.50 കോടി രൂപ അനുവദിച്ചത്. പലിശ രഹിതമായ ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.
സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്ക് വായ്പ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിന് പണം അനുവദിച്ചത്.
2024-25 സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ച വായ്പാ പണം ഈ വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് വിനിയോഗിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പറയുന്നു.
വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി 535 കോടി രൂപയുടെ 16 പദ്ധതികള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിനാണ് കേന്ദ്രം വായ്പ അനുവദിച്ചത്. വായ്പ അനുവദിച്ചതായി ഈ മാസം 11ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് നല്‍കി.
പണം വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നു.
നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന് പൊതുകെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 111.32 കോടി രൂപ, ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മ്മാണത്തിനായി 87.24 കോടി രൂപ, പുന്നപ്പുഴ നദിയില്‍ എട്ട് കിലോമീറ്റര്‍ ഭാഗത്തെ ഒഴുക്ക് ക്രമീകരിക്കുന്നതിനായി 65 കോടി രൂപ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുവേണ്ടി 21 കോടി രൂപ, മുട്ടില്‍- മേപ്പാടി റോഡ് നവീകരണത്തിനായി 60 കോടി രൂപ, ചൂരല്‍മല പാലം നിര്‍മ്മിക്കാന്‍ 38 കോടി രൂപ, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 12 കോടി രൂപ, രോഗബാധിതര്‍ക്കുള്ള കെട്ടിട നിര്‍മ്മാണത്തിനായി 15 കോടി രൂപ, എല്‍സ്റ്റോണ്‍ ടൗണ്‍ഷിപ്പുകളില്‍ 110 കെവി സബ്‌സ്റ്റേഷന്‍ 14.50 കോടി രൂപ, കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റിന് 22.50 കോടി രൂപ, അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ ആറ് ഹെലിപ്പാഡുകള്‍ നിര്‍മ്മിക്കാന്‍ ഒമ്പത് കോടി രൂപ, കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഡിഡിഎംഎ കോംപ്ലക്‌സ് ഉള്‍പ്പെടെ ഡി ബ്ലോക്ക് നിര്‍മ്മിക്കാന്‍ 30 കോടി രൂപ, ജില്ലയില്‍ വിവിധോദ്ദേശ്യ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ 28 കോടി രൂപ, ചൂരല്‍മല- അട്ടമല റോഡ് നിര്‍മ്മാണത്തിന് ഒമ്പത് കോടി രൂപ, ജിഎല്‍പിഎസ് എട്ടാം നമ്പര്‍ പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കാന്‍ ഏഴ് കോടി രൂപ എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.