
വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് റവന്യൂമന്ത്രി
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തം നടന്ന് എട്ട് മാസമായിട്ടും ദുരിതബാധിതരുടെ പട്ടിക തയ്യാറായില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. നിലവിലെ പട്ടിക അപൂര്‍ണമാണെന്നും പുതിയത് തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ ഇപ്പോഴും ദുരിത ബാധിതര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സതീശന്‍ പറഞ്ഞു.
ദുരന്തബാധിതരുടെ കടത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കടം എഴുതിത്തള്ളാന്‍ മുഖ്യമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കേരള ബാങ്കില്‍ കടം ഉണ്ടായിരുന്നത് എഴുതിത്തള്ളിയെന്ന് മന്ത്രി പറഞ്ഞു. ഇതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നമ്മള്‍ ഇന്ത്യയ്ക്ക് അകത്തുള്ളവരല്ലെന്ന തരത്തിലാണ് ഇടപെടലെന്നും സതീശന്‍ പറഞ്ഞു.
ദുരന്തബാധിതരെ ഭൂമിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ രണ്ടായി കണ്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ടി സിദ്ദിഖ് പറഞ്ഞു. നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.


