TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് പുനരധിവാസം: നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ കേന്ദ്രത്തോട് ഹൈക്കോടതി

21 Mar 2025   |   1 min Read
TMJ News Desk

മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും അജണ്ട ഉണ്ടോയെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോയെന്നും കോടതി ചോദിച്ചു.

മാര്‍ച്ച് 31ന് മുമ്പ് ചെലവഴിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ 520 കോടി രൂപ കഴിഞ്ഞ മാസം വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഈ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി ആരാഞ്ഞിരുന്നു. 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഈ തുക മാര്‍ച്ച് 31നകം പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. ഈ ചോദ്യത്തില്‍ വ്യക്തമായ മറുപടി കേന്ദ്രം നല്‍കിയില്ല. പകരം ഡിസംബര്‍ 31 വരെ സമയം നീട്ടി എന്ന് കേന്ദ്രം മറുപടി നല്‍കി.

ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണോയെന്ന് കോടതി ചോദിച്ചത്. അടുത്ത ബുധനാഴ്ച്ചയോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും വെറുതെ കോടതിയുടെ സമയം കളയരുതെന്നും ഹൈക്കോടതി പറഞ്ഞു.




 

 

#Daily
Leave a comment