
വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.
ദുരന്തത്തിന് പിന്നാലെ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല. വയനാടിന് അര്‍ഹമായ ധനസഹായം ലഭ്യമാകുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ഹര്‍ത്താലിന് മുന്നോടിയായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.
ശബരിമല തീര്‍ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വയനാട് ദുരന്ത സഹായത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയ സമയത്ത് വിവിധ രാജ്യങ്ങള്‍ സഹായമറിയിച്ചപ്പോഴും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണെന്നും ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.