
പോളിങ് ശതമാനം കുത്തനെ കുറഞ്ഞ് വയനാട്, ചേലക്കരയിലും കൂടിയില്ല
വാശിയേറിയ പ്രചാരണത്തിനൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വിധിയെഴുതി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു വോട്ടെടുപ്പ്. വയനാട്ടിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടന്നത്. പോളിങ് കഴിയുമ്പോഴുള്ള പ്രാഥമിക കണക്ക് പ്രകാരം രണ്ടിടത്തും പൊതുതിരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറവാണ് .
വയനാട്ടിൽ ഏകദേശം പത്ത് ശതമാനത്തോളം പോളിങ് കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ 73.26 ശതമാനമായിരുന്നു വയനാട് ലോകസഭയിലെ പോളിങ് ശതമാനമെങ്കിൽ ഇത്തവണ അത് 64.27 ശതമാനം മാത്രമാണ്. ചേലക്കരയിൽ ബൂത്തുകളിൽ വൈകിയും ക്യൂ ഉണ്ട്. നിലവിൽ 72 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ൽ ഇവിടെ 77.40 ശതമാനമായിരുന്നു പോളിങ്. പോളിങ് ശതമാനത്തിലെ കുറവ് എങ്ങനെയായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക എന്ന ആശങ്കയിലാണ് മുന്നണികൾ. എല്ലാവരും തങ്ങളുടെ വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്.
ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ പതിനാറ് സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്. ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ രാധാകൃഷ്ണൻ എംപിയായി വിജയിച്ചതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലെ എംപി രാഹുൽഗാന്ധി റായ്ബറേലി മണ്ഡലത്തിലും ജയിച്ച സാഹചര്യത്തിൽ വയനാട്ടിലെ എം പി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങൾക്കുമൊപ്പം പാലക്കാടും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു എന്നാൽ കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെടുപ്പ് 20ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേയും ഫലപ്രഖ്യാപനം 23നാണ്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലാണ് തുടങ്ങിയത്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിങ് 50 ശതമാനം എത്തി. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിങ് കൂടുതൽ രേഖപ്പെടുത്തിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.