
വയനാട് ടൗണ്‍ഷിപ്പുകള്‍: ഭൂമിയുടെ വില, നഷ്ടപരിഹാരനിര്‍ണയവും രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കും: വയനാട് കളക്ടര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായി. ഇന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് തീരുമാനം എടുത്തത്.
ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായത്. ദുരന്തബാധിതരുടെ പുനരധിവാസം ദുരന്തനിവാരണ നിയമപരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നത്. ദുരന്തബാധിതരുടെ ആവശ്യം പരിഗണിച്ചാണ് പുനരധിവാസ ഭൂമി കണ്ടെത്തിയത്. ജീവനോപാധി ഉറപ്പാക്കുന്നതിന് എല്ലാവര്‍ക്കും ഒരു സ്ഥലത്ത് ഒരുമിച്ച് താമസിക്കാന്‍ കഴിയും വിധം അതിജീവിതര്‍ക്ക് നഷ്ടപ്പെട്ട സ്ഥലത്തിന്റെ അടുത്തായി കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പു നല്‍കുകയാണ് പുനരധിവാസ ടൗണ്‍ഷിപ്പിലൂടെ ലക്ഷ്യമാക്കുന്നത്.
ടൗണ്‍ഷിപ്പിനായി വിസ്തൃതി കൂടിയ എസ്റ്റേറ്റ് ഭൂമികള്‍ ഉള്‍പ്പെട്ട 31 സ്ഥലങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ പരിഗണിച്ചത്. വിവിധ തലങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍, ദുരന്ത ബാധിതര്‍ എന്നിവരുമായി കൂടിയാലോചിച്ച് സാങ്കേതിക സമിതി 9 സ്ഥലങ്ങളിലേക്ക് പട്ടിക ചുരുക്കി. കണ്ടെത്തിയ 9 സ്ഥലങ്ങളില്‍ നിന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച സാങ്കേതിക സമിതി പഠനം നടത്തിയാണ് എല്‍സ്റ്റണ്‍- നെടുമ്പാല എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുന്നത്.
പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ദുരന്ത സാധ്യതാ മേഖലയ്ക്ക് പുറത്താണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് സംസ്ഥാനം ദുരന്തനിവാരണ അതോറിറ്റി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തിയത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെങ്കിലും നഷ്ടപരിഹാരം കണക്കാക്കുന്നത് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ്. നഷ്ടപരിഹാരം മുന്‍കൂര്‍ നല്‍കി ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. നിലവില്‍ സിവില്‍ കോടതിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ കൈവശക്കാരില്‍ നിന്നും ബോണ്ട് വാങ്ങിയതിനു ശേഷം നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി വ്യവസ്ഥ. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായുള്ള സര്‍വ്വെ വിലനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഭൂമിയുടെ സര്‍വ്വെ, വില നിര്‍ണയ നടപടികളും നഷ്ടപരിഹാരനിര്‍ണയവും രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.