വയനാട് ദുരന്തം; എട്ടാം ദിനത്തില്‍ സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ തിരച്ചില്‍
വയനാട് ദുരന്തമേഖലയില്‍ എട്ടാം ദിനവും തിരച്ചില്‍ തുടരുന്നു. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്‍ വരെ പരിശോധന നടക്കുമെന്നാണ് വിവരം. പുഞ്ചിരിമട്ടം മുതല്‍ താഴെ വരെ പരിശോധന തുടരുന്നതിന് പുറമെയാണ് ഉരുള്‍പൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയും തിരച്ചില്‍ നടത്താന്‍ തീരുമാനിക്കുന്നത്.
ഇതുവരെ എത്തിപ്പെടാന്‍ സാധിക്കാത്ത ചാലിയാര്‍ മേഖലകളിലും തിരച്ചില്‍ പുരോഗമിക്കും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന ഇരു കരകളിലും തിരച്ചില്‍ നടത്തും. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആറ് സൈനികരും ഉള്‍പ്പെടുന്ന പന്ത്രണ്ട് പേരടങ്ങിയ സംഘം ചേര്‍ന്നാണ് ദൗത്യം തുടരുക. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് വഴി പുറത്തെത്തിക്കും.
ചാലിയാര്‍ പുഴയില്‍ തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് ഇതുവരെ 76 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ ഇതുവരെ 392 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്ക് പ്രകാരം 227 മരണങ്ങള്‍ സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 മൃതദേഹ ഭാഗങ്ങളും പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച സംസ്‌കരിച്ചിരുന്നു.