
വയനാട് ദുരന്തം; ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍
ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സൈന്യം. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് സൂചന. പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. 24 ടണ്‍ ശേഷിയുള്ള 190 അടി നീളമുള്ള പാലമാണ് നിര്‍മ്മിക്കുന്നത്. 17 ട്രക്കുകളിലായാണ് നിര്‍മ്മാണ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിയത്. നദിയില്‍ നിര്‍മ്മിച്ച പ്ലാറ്റ്‌ഫോമില്‍ പാലത്തിന്റെ ബലം ഉറപ്പിച്ചുകൊണ്ടുള്ള തൂണ്‍ സ്ഥാപിച്ചാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
സമാന്തര പാലം
പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരുടെ സഞ്ചാരം സുഗമമാക്കാന്‍ സഹായിക്കുന്നതിനാണ് ചെറിയ പാലം നിര്‍മ്മിക്കുന്നത്. അപകടത്തിന് ശേഷം മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താന്‍ ബുദ്ധിമുട്ട് നേരിട്ടത് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതോടെയായിരുന്നു. എന്നാല്‍ ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് വിവരം. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം കടന്നുപോകാന്‍ പാകത്തിനുള്ള പാലമാണ് ഇപ്പോള്‍ സൈന്യം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.
അപകടമുണ്ടായ പ്രദേശത്ത് നിന്ന് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി കൂടുതല്‍ യന്ത്രങ്ങള്‍ അപകട മേഖലയിലേക്ക് എത്തേണ്ടതുണ്ട്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിലൂടെ കൂടുതല്‍ ജെസിബിയും ഹിറ്റാച്ചികളും എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിലൂടെ നിരവധി പേരെ രക്ഷപ്പെടുത്താനായിരുന്നു.