വയനാട് ദുരന്തം; നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചു
നിലമ്പൂര്‍ പോത്തുകല്ലിലെ വനമേഖലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചാലിയാറില്‍ നിന്നും മൃതദേഹങ്ങള്‍ ലഭിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ചൂരല്‍ മലയില്‍ നിന്ന് പോത്തുകല്ല് ഭാഗത്തേക്കും പോത്തുകല്ലില്‍ നിന്നും ദുരന്തമേഖലയിലേക്കും വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ വനമേഖലയില്‍ എയര്‍ ലിഫ്റ്റിങ് ദുഷ്‌കരമാണെന്നാണ് വിവരം.
ചാലിയാറില്‍ മൃതദേഹങ്ങള്‍
ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാഴാഴ്ച മാത്രം കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങളാണ്. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്ത് നിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏഴ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ നൂറിലധികം മൃതദേഹങ്ങളാണ് ചാലിയാറില്‍ നിന്നും കണ്ടെത്തിയത്.
പുഞ്ചിരിമട്ടത്ത് പ്രതീക്ഷ നിലയ്ക്കുന്നു
ഉരുള്‍പൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്ത അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശത്ത് നിന്നും നാല്‍പ്പതിലധികം ആളുകളെ കണ്ടെത്താനായിട്ടില്ല. നിലവില്‍ താല്‍ക്കാലികമായി ഹിറ്റാച്ചികള്‍ തിരിച്ചുപോവുകയാണ്. പുഞ്ചിരിമട്ടം അപകടമേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി കനത്ത മഴ
രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കനത്ത മഴ. ഇതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ മണ്ണിടിയാനും ഉരുള്‍പൊട്ടാനുമുള്ള സാധ്യതയുള്ളതിനാലാണ് തീരുമാനം. അപകടമേഖലയില്‍ നിന്ന് സുരക്ഷിത മേഖലയിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്തും സമീപത്തുമായി മരങ്ങള്‍ കടപുഴകി വീഴുന്നുണ്ട്. മണ്ണൊഴുകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംദിനം എത്തിനില്‍ക്കുമ്പോള്‍ മരണസംഖ്യ 280 കടന്നു. മരിച്ചവരില്‍ 23 കുട്ടികളാണുള്ളത്. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ചത് 143 മൃതദേഹങ്ങളാണ്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങളാണ്. നിലവില്‍ 82 ക്യാമ്പുകളിലായി 8304 പേരുണ്ട്.