TMJ
searchnav-menu
post-thumbnail

TMJ Daily

നമ്മള്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍; പുടിനോട് ചൈന

24 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്ന്‍ വിഷയത്തില്‍ യുഎസ് റഷ്യയുമായി അടുക്കുന്നതിന് ഇടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പരസ്പരം പിന്തുണയ്ക്കുന്ന യഥാര്‍ത്ഥ സുഹൃത്തുക്കളാണ് ചൈനയും റഷ്യയുമെന്ന് ഷി പുടിനോട് പറഞ്ഞുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അകന്നു പോകാന്‍ കഴിയാത്ത നല്ല അയല്‍ക്കാരാണ് ചൈനയും റഷ്യയുമെന്ന് ചരിത്രവും യാഥാര്‍ത്ഥ്യവും കാണിക്കുന്നുവെന്നും കൂടാതെ സുഖവും ദുഖവും പങ്കുവയ്ക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന, പൊതുവായ വികസനം കൈവരിക്കുന്ന യഥാര്‍ത്ഥ സുഹൃത്തുക്കളാണ് ഇരുവരുമെന്നും ഷി പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയത്. യുക്രെയ്ന്‍ യുദ്ധത്തില്‍ ഒരുപക്ഷത്തുമില്ലെന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നതെങ്കിലും യുദ്ധം ആരംഭിച്ചശേഷം മോസ്‌കോയും ബീജിങ്ങും സൈനിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. റഷ്യയുടെ പ്രവൃത്തികളെ അപലപിച്ചിട്ടുമില്ല. നാറ്റോ അംഗങ്ങള്‍ ഇതില്‍ ചൈനയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഷിയും പുടിനും തമ്മില്‍ അടുത്ത വ്യക്തിപരമായ ബന്ധം ഉണ്ട്. ഷി പുടിനെ മികച്ച സുഹൃത്ത് എന്ന് വിളിച്ചപ്പോള്‍ പുടിന്‍ ഷിയെ വിശ്വസിക്കാവുന്ന പങ്കാളിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.


#Daily
Leave a comment