
പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പം: കോണ്‍ഗ്രസ് അധ്യക്ഷന്‍
തങ്ങള്‍ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നിന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഏതാനും കാര്യങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതായും രാഹുല്‍ പറഞ്ഞു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.
കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, എസ് ജയശങ്കര്‍, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കശ്മീര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന പൗരന്‍മാരോട് അവിടെ നിന്നും ഉടനടി ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കി.
മറ്റൊരു സംഭവവികാസത്തില്‍, വിദേശകാര്യമന്ത്രി ജയശങ്കര്‍ സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യാ-പാക് സംഘര്‍ഷ ലഘൂകരണത്തിനായി ഇടപെടാന്‍ പാകിസ്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഭീകരവാദത്തെ ശക്തമായി നേരിടണമെന്ന ഇന്ത്യയുടെ കാഴ്ച്ചപ്പാട് സൗദിയുമായി പങ്കുവച്ചെന്ന് ജയശങ്കര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.


