
ഓണ്‍ലൈനായി പ്രസംഗിക്കാം; അംഗീകാരം കേന്ദ്ര പ്രതിനിധികള്‍ വാങ്ങട്ടെ: പി രാജീവ്
വ്യവസായ മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് യുഎസ് സന്ദര്‍ശനത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിന് എതിരെ മന്ത്രി. അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്.
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്ഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്.
ലെബനനില്‍ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തശേഷം വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനായിരുന്നു അനുമതി തേടിയത്. മന്ത്രി തലത്തിലുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തു.
യാത്രാനുമതി ലഭിക്കാതായതോടെ കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം രാജ്യത്തിന് കിട്ടുന്നത് ആദ്യമാണെന്നും സര്‍ക്കാര്‍ സംരംഭത്തിന് ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയാക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. പ്രസംഗം ഓണ്‍ലൈനായി അവതരിപ്പിക്കാമെന്നും അംഗീകാരം കേന്ദ്ര പ്രതിനിധികള്‍ വാങ്ങട്ടെയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.