TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ഭൂമിയിലെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍; വീണ്ടുമെത്തി എല്‍ നിനോ

05 Jul 2023   |   3 min Read
TMJ News Desk

ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത് ജൂലൈ മൂന്നിനായിരുന്നു. അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) ഡാറ്റകളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് രണ്ടുമീറ്റര്‍ ഉയരത്തില്‍ ശരാശരി ആഗോള അന്തരീക്ഷ താപനില 62.62 ഡിഗ്രി ഫാരെന്‍ഹീറ്റ് അഥവാ 17.01 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജൂലൈ മൂന്നിന് രേഖപ്പെടുത്തിയത്. 2016 ലും 2022 ലും റിപ്പോര്‍ട്ട് ചെയ്ത താപനിലയെക്കാള്‍ കൂടുതലാണിത്. 62.46 ഡിഗ്രി ഫാരെന്‍ഹീറ്റ് അഥവാ 16.92 ഡിഗ്രി സെല്‍ഷ്യസായിരുന്നു ആ വര്‍ഷങ്ങളിലെ ഉയര്‍ന്ന താപനില.

''മനുഷ്യര്‍ ഇതുവരെ കണക്കാക്കിയതില്‍ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി നാഷണല്‍ സെന്റേസ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രഡിക്ഷന്‍ (എന്‍.സി.ഇ.പി) ജൂലൈ മൂന്നിനെ കാണുന്നു. ആഗോളതാപനത്തിന് മുകളിലുള്ള എല്‍ നിനോ പ്രതിഭാസത്തിന്റെ സംയോജനമാണ് ഇതിനെ നയിക്കുന്നത്. അടുത്ത ആറ് ആഴ്ചകളില്‍ കുറച്ചുകൂടി ചൂടുള്ള ദിവസങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ഡോ. റോബര്‍ട്ട് റോഹ്ഡ് ട്വിറ്ററില്‍ കുറിച്ചു. ''എന്‍.സി.ഇ.പിയുടെ കാലാവസ്ഥാ പ്രവചന സംവിധാനം ആരംഭിക്കുന്നത് 1979 ല്‍ മാത്രമാണ്. മറ്റ് ഡാറ്റാ സൈറ്റുകള്‍ പരിശോധിച്ചാല്‍, ഇന്‍സ്ട്രുമെന്റല്‍ അളവുകള്‍ ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ ദിവസമാണിതെന്ന് നമുക്ക് പറയാം. ആഗോളതാപനം നമ്മളെ അപരിചിതമായ ലോകത്തിലേക്കാണ് നയിക്കുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥയെ താറുമാറാക്കുന്ന എല്‍ നിനോ

പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഈ വര്‍ഷത്തെ എല്‍ നിനോ കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എല്‍ നിനോയുടെ അനന്തരഫലമായി പല സ്ഥലങ്ങളിലും ചൂട് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും തെക്കേ അമേരിക്കയില്‍ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരള്‍ച്ച രൂക്ഷമാകുമെന്നുമാണ് റിപ്പോര്‍ട്ട്. 

എല്‍ നിനോയുമായി ബന്ധപ്പെട്ട് ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിന് മുന്നറിയിപ്പുകളും നടപടികളും അത്യന്താപേക്ഷിതമാണ്. 2016 നേക്കാള്‍ താപനില 2024 ല്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്‍ നിനോ സമുദ്രത്തിലെ താപനിലയെയും ബാധിക്കും എന്നാണ് കരുതുന്നത്. എല്‍ നിനോയുടെ അനന്തരഫലമായി കിഴക്കന്‍ പസഫിക്കിലെ ജലം സാധാരണയേക്കാള്‍ ചൂടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനുമൊക്കെ എല്‍ നിനോ കാരണമാകാം. ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം ശക്തമായിരിക്കാമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ലോകരാജ്യങ്ങളെ പല രീതിയിലാണ് എല്‍ നിനോ ബാധിക്കുക. എല്‍ നിനോയുടെ ഭാഗമായി പസിഫിക് മേഖലയില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപ്പപ്പെടുന്നത് കൂടുമെന്നും അമേരിക്കയിലും മറ്റിടങ്ങളിലും മഴയും വെള്ളപ്പൊക്ക സാധ്യതയും വര്‍ധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനോടൊപ്പം തന്നെ ഇതിന്റെ പ്രത്യാഘാതമായി പലയിടങ്ങളിലും താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. എല്‍ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവര്‍ഷത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. എല്‍ നിനോ എത്തിയപ്പോഴെല്ലാം ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറഞ്ഞ ചരിത്രമാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്പാനിഷ് വാക്കായ എല്‍ നിനോയുടെ അര്‍ത്ഥം ലിറ്റില്‍ ബോയ് എന്നാണ്.

സൂര്യരശ്മികളെ തടയാനായി അമേരിക്ക

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി സൂര്യരശ്മികള്‍ തടയുന്നതിനെക്കുറിച്ച് പഠിക്കാനൊരുങ്ങുകയാണ് അമേരിക്ക. സൂര്യരശ്മികളെ തടഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വൈറ്റ്ഹൗസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സോളാര്‍ ജിയോ എഞ്ചിനീയറിങ്ങ് പഠന റിപ്പോര്‍ട്ടിലാണ് ആഗോളതാപനം ചെറുക്കാനായി സൂര്യരശ്മികളെ തടയുന്നതിനെ കുറിച്ച് പറയുന്നത്. സോളാര്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായ സ്ട്രാറ്റോസ്ഫിയറിക് എയ്‌റോസല്‍ ഇഞ്ചക്ഷന്‍, മറൈന്‍ ക്ലൗഡ് ബ്രൈറ്റനിങ്ങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് സൂര്യരശ്മികളെ തടയുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

ദുരന്തമാകുന്ന ഉഷ്ണതരംഗം

ഉഷ്ണതരംഗം ഹിമാലയത്തെയും ഉരുക്കുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഹിമാലയത്തിലെ മഞ്ഞുരുക്കവും ശക്തമായിരുന്നു. ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നതോടെ പര്‍വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഇത് മണ്ണിടിച്ചിലിനും ഇടയാക്കും. ഹിന്ദു കുഷ് ഹിമാലയത്തിലുടനീളം 200 ഹിമാനി തടാകങ്ങള്‍ ഇതിനകം അപകടകരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഹിമാനികള്‍ 65 ശതമാനം വേഗത്തില്‍ ഉരുകുകയും 2030 ഓടെ 80 ശതമാനം നഷ്ടപ്പെടുകയും ചെയ്യാമെന്നാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരമൊരു ജലശോഷണം ഹിമാലയത്തില്‍ പര്‍വത ശിഖിരത്തില്‍ നിന്നും 16 രാജ്യങ്ങളിലൂടെ ഒഴുകുന്ന 12 നദികളിലെ ശുദ്ധജല ലഭ്യത ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഹിമം നിറഞ്ഞ മലനിരകളില്‍ നിന്നും മഞ്ഞ് ഉരുകുമ്പോള്‍ ബലം കുറഞ്ഞ മണ്ണ് മലമുകളില്‍ നിന്നും വെള്ളത്തോടൊപ്പം കുത്തിയൊഴുകി താഴ്വാരത്തേക്ക് നീങ്ങും. ഇത് ശുദ്ധജല ലഭ്യതയെയും കൃഷിയെയും താഴ്വരയിലെ കോടിക്കണക്കിന് മനുഷ്യരെയും നേരിട്ട് ബാധിക്കും. അതോടൊപ്പമാകും ഹിമാലയത്തിലെ ഹിമാനി തടാകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും. ഇത് പ്രദേശത്തെ ജലവൈദ്യുത പദ്ധതികളെയും ഏറെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ദുരന്തങ്ങളുടെയെല്ലാം വേഗത കൂട്ടുന്നത് പര്‍വത മേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവസ്ഥയില്‍ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ പതിവായി സംഭവിക്കുമെന്നാണ് കരുതേണ്ടതെന്നും അത് മാരകവും ചെലവേറിയതുമാകുമെന്നും പഠനത്തിൽ പറയുന്നു.

#Daily
Leave a comment