ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, സിനിമയില്‍ പവര്‍ ഗ്രൂപ്പുള്ളതായി അറിവില്ല; പ്രതികരിച്ച് അമ്മ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അമ്മ. റിപ്പോര്‍ട്ടിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരല്ലെന്നും പ്രതിസ്ഥാനത്ത് അമ്മയല്ലെന്നും, കുറ്റം ചെയ്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് അമ്മ എതിരല്ലെന്നും പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് പോലെ ഒരു പവര്‍ ഗ്രൂപ്പ് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും അത്തരമൊരു ഗ്രൂപ്പ് വിചാരിച്ചാല്‍ സിനിമയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പ്രതികരണം. മലയാള സിനിമാ മേഖല തന്നെ മോശമാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വേദനിപ്പിച്ചെന്നും എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും അമ്മ വ്യക്തമാക്കി.
അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. അമ്മയുടെ പ്രതികരണം വൈകിയെന്ന അഭിപ്രായങ്ങള്‍ കേട്ടു, എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നെന്നും അതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം. റിപ്പോര്‍ട്ട് പുറത്തുവരാനായോ വരാതിരിക്കാനോ അമ്മ ശ്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2006 ല്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് 2018 ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. താന്‍ അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ മാത്രമായിരുന്നുവെന്നും, പരാതി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അത് തെറ്റായി പോയെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയ്ക്ക് മൊഴി നല്‍കാന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിളിച്ചിരുന്നുവെന്നും പ്രതിഫലം സംബന്ധിച്ച ചോദ്യങ്ങളാണ് ചോദിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
സിനിമ സെറ്റുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ലെന്ന പരാതി കണക്കിലെടുക്കുന്നില്ല, നാലഞ്ച് വര്‍ഷം മുന്‍പുള്ള കാര്യമാണിതെന്നും ഇപ്പോള്‍ അത്തരത്തിലുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. സിനിമയില്‍ നിന്ന് ലൈംഗിക ചൂഷണങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ലെന്നും അത്തരത്തില്‍ നടക്കുന്നതായി അറിവില്ലെന്നും ജോ മോള്‍ പ്രതികരിച്ചു. ഇന്‍ഡസ്ട്രിയില്‍ നിന്നും ഇത്തരം പരാതികള്‍ ലഭിച്ചാല്‍ വേണ്ട നടപടികള്‍ അമ്മ സ്വീകരിക്കുമെന്നും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സംഘടന പ്രതികരിച്ചു.