
വെസ്റ്റ് ബാങ്ക് ആക്രമണം; ഗാസയിലെ നാശത്തിന്റെ ആവര്‍ത്തനമാകരുതെന്ന് യുറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി
അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള ഇസ്രയേല്‍ സൈനിക നുഴഞ്ഞുകയറ്റം ഗാസയില്‍ ഉണ്ടായ നാശത്തിന്റെ ആവര്‍ത്തനമാകരുതെന്ന് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറല്‍. യുദ്ധ മേഖലയുടെ വിപുലീകരണം ആകരുതെന്നും ജോസെപ് ബോറല്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിന്‍, തുല്‍ക്കറേം, ഫാര്‍അ അഭയാര്‍ത്ഥി ക്യാമ്പ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.
നിലവില്‍ പതിനെട്ട് പലസ്തീനികളെ ആക്രമണങ്ങളില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 മുതല്‍ വെസ്റ്റ് ബാങ്കില്‍ 662 പലസ്തീനികള്‍ കൊല്ലപ്പെടുകയും 5,400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും പട്ടണങ്ങള്‍ക്കും നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളെ പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍സി അപലപിച്ചു.
ഇസ്രയേല്‍ കുടിയേറ്റ സംഘടനയ്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്
വെസ്റ്റ്ബാങ്കില്‍ പലസ്തീനികള്‍ക്കെതിരായ ആക്രമണം ശക്തമാകുന്നതിനിടയില്‍ ഇസ്രയേലി കുടിയേറ്റ ഗ്രൂപ്പിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കര്‍ഷകരെ സംരക്ഷിക്കാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാഷോമര്‍ യോഷിനെയും സിവിലിയന്‍ സുരക്ഷാ കോര്‍ഡിനേറ്ററായ യിത്സാക് ലെവി ഫിലന്റിനെയും ലക്ഷ്യമിട്ടാണ് ഉപരോധം. ഉപരോധം യുഎസിലെ ഫിലാന്റിന്റെയും ഹാഷോമര്‍ യോഷിന്റെയും ആസ്തികള്‍ മരവിപ്പിക്കുകയും അവരുമായി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കുകയും ചെയ്യുന്നു.
24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 68 പലസ്തീനികള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 68 പലസ്തീനികള്‍ കൊല്ലപ്പെടുകയും 77 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജെനിനിലും തുല്‍ക്കറേമിലും ഹോബ്രോണിലും അതിക്രമിച്ച് കയറിയ ഇസ്രയേല്‍ സേന 12 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നിയമ ലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഇസ്രയേല്‍ മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പ്രതികരിച്ചു.


