IMAGE | WIKI COMMONS
പശ്ചിമ ബംഗാള്‍ ട്രെയിന്‍ അപകടം; ലോക്കോ പൈലറ്റടക്കം എട്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
പശ്ചിമ ബംഗാളില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി.
തിങ്കളാഴ്ച രാവിലെ 9.30 നാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തെ സാഹചര്യം ഗുരുതരമാണെന്ന് ഡാര്‍ജിലിംഗ് എഎസ്പി പറഞ്ഞു. ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നുള്ള 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസ് രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് അപകടത്തില്‍പ്പെട്ടത്. കൊല്‍ക്കത്തയും സിലിഗുരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.