
പാശ്ചാത്യ സേന യുക്രെയ്നിൽ പാടില്ല: പുടിൻ
യുക്രെയ്നിലെ കിഴക്കൻ ഡോൺബാസ് പ്രദേശം റഷ്യക്ക് കൈമാറുകയും, നാറ്റോയിൽ യുക്രെയ്ൻ ചേരാൻ പാടില്ലെന്നും, പാശ്ചാത്യ സൈനിക ട്രൂപ്പുകളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നുമാണ് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആവശ്യങ്ങളെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അലാസ്കയിൽ വച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.
യുക്രെയ്നിലെ പ്രദേശങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് 2024 ജൂണിൽ റഷ്യ മുന്നോട്ട് വച്ച പല ആവശ്യങ്ങളിൽ നിന്നും പുടിൻ പിന്നോട്ട് പോയെന്ന് റഷ്യൻ സോഴ്സുകൾ വ്യക്തമാക്കിയതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഡൊണറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൺ കൂടാതെ സപ്പോറീഷ്യ എന്നീ പ്രദേശങ്ങൾ റഷ്യക്ക് കൈമാറണമെന്നായിരുന്നു പുടിന്റെ ആവശ്യം. അവിടെ നിന്നാണ് കിഴക്കൻ ഡോൺബാസ് മാത്രം മതിയെന്ന് നിലയിലേക്ക് എത്തിയത്.
നിലവിൽ ഡോൺബാസിന്റെ 88 ശതമാനം പ്രദേശവും, ഖേഴ്സൺ കൂടാതെ സപ്പോറീഷ്യയിലെ 73 ശതമാനം പ്രദേശവും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണെന്ന് യുഎസ് എസ്റ്റിമേറ്റുകളും ഓപ്പൺ സോഴ്സ് ഡാറ്റയും പറയുന്നതും റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


