TMJ
searchnav-menu
post-thumbnail

Outlook

പ്രവീൺനാഥിന്റെ ആത്മഹത്യയിൽ സമൂഹത്തിന്റെ പങ്കെന്താണ്?

24 May 2023   |   5 min Read
ആദി

ട്രാൻസ്‌മെനായ പ്രവീൺനാഥിന്റെ ആത്മഹത്യ സൃഷ്ടിച്ച ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. പ്രവീണിനെ പരിചയമുള്ള ഒരു ക്വിയർ വ്യക്തിയെന്ന നിലയിൽ ഈ മരണം സൃഷ്ടിച്ച നടുക്കമേറെയാണ്. മാനസികമായി തളർന്നിരിക്കുമ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിൽ അങ്ങേയറ്റം തെറ്റിദ്ധാരണ പടർത്തുന്ന ഒരു സംവാദാന്തരീഷം രൂപപ്പെടുന്നത്. പ്രവീണിന്റെ മരണത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ക്വിയർ കമ്യൂണിറ്റിയുടെയും മേൽ ആരോപിച്ചാണ് ഈ ചർച്ച മുന്നേറിയത്. ക്വിയർ മനുഷ്യരോടുള്ള സമൂഹത്തിന്റെ മറച്ചുവെയ്ക്കാനാകാത്ത വെറുപ്പും വിദ്വേഷവുമാണ് ഈ ചർച്ചയിലൂടെ വെളിപ്പെട്ടത്. പ്രവീണിന്റെ ആത്മഹത്യയെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ക്വിയർ കമ്യൂണിറ്റിയ്‌ക്കെതിരെ വെറുപ്പ് പടർത്തുന്ന അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇവയെല്ലാം കേരളത്തിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധ പൊതുബോധവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. 

കേരളത്തിന്റെ ക്വിയർ സൗഹാർദ്ദ മുഖംമൂടി ഒരു കള്ളമാണ്!

കേരളത്തിന്റെ ക്വിയർ സൗഹാർദ്ദ മുഖംമൂടി ഒരു കള്ളമാണെന്ന് തെളിയിക്കാൻ ഉദാഹരണങ്ങളേറെയുണ്ട്. ഒരു ഘട്ടത്തിൽ മെട്രോയിൽ ട്രാൻസ് മനുഷ്യർക്ക് ജോലി നൽകിയത് വലിയ ചരിത്രസംഭവമെന്ന മട്ടിൽ ആഘോഷമാക്കിയിരുന്നു. ഈ ആഘോഷങ്ങൾക്കും വാർത്തകൾക്കും ഒടുവിൽ മെട്രോയിൽ ജോലി കിട്ടിയ ട്രാൻസ് മനുഷ്യർക്ക് എന്ത് സംഭിച്ചുവെന്ന ചോദ്യം ഉയർന്നേയില്ല. സ്റ്റേറ്റിന് വേണ്ടത് ചില ടോക്കണുകളെ മാത്രമാണ്. ക്വിയർ മനുഷ്യർ നേരിടുന്ന വ്യവസ്ഥാപരമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ സ്റ്റേറ്റിന്റെ പരിഗണനയിലില്ല. ജനമൈത്രി പൊലീസ് തന്നെയാണ് നിരന്തരം ട്രാൻസ് മനുഷ്യരെ തെരുവിൽ തല്ലിയോടിക്കുന്നത്. പൊലീസിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കണമെങ്കിൽ തെരുവിൽ നിൽക്കുന്ന ട്രാൻസ് മനുഷ്യരോട് ചോദിക്കണം.


പ്രവീൺനാഥ് | Photo: Facebook

ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോവിഡ് സമയത്താണ്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നത്രെ. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. പൊലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. പക്ഷേ ശ്രീധന്യയുടെ മരണം ഒരിക്കലും മുഖ്യധാരയിൽ ചർച്ചയായില്ല. നമ്മുടെ മാധ്യമങ്ങൾക്ക് ഹരം പിടിപ്പിക്കുന്ന ചേരുവകളൊന്നും ഈ മരണത്തിലില്ലായിരുന്നു. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്തില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ചയ്‌ക്കെടുത്തതുമില്ല.

മറ്റൊരുദാഹരണമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ ഭാഗമായി രൂപപ്പെട്ട ചർച്ച. ഈ ചർച്ചയിലൂടെ സർക്കാർ ഒരു പുരോഗമന മുഖം ഉണ്ടാക്കിയെടുത്തു. വിഷയത്തിൻമേൽ വലിയ എതിർപ്പുകളുയർന്നപ്പോൾ സർക്കാർ എളുപ്പം തടിയൂരി രക്ഷപ്പെടുകയാണുണ്ടായത്. ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം സൃഷ്ടിച്ച ക്വിയർ വിരുദ്ധമായ സാമൂഹികാന്തരീക്ഷത്തെയും, ഈ ചർച്ചയുടെ ഫലമായി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിദ്വേഷപ്രസംഗങ്ങളെയുമെല്ലാം നേരിടേണ്ടിവന്നത് മുഴുവൻ ക്വിയർ മനുഷ്യർക്കുമാണ്. ഈ വിഷയത്തിൽ  വിശദീകരണം നൽകേണ്ട ബാധ്യത തലയിലേറ്റിയതും ക്വിയർ മനുഷ്യരാണ്. എം കെ മുനീറിന്റെയും മറ്റും നേതൃത്വത്തിൽ തെറ്റിദ്ധാരണയും വെറുപ്പും പടർത്തുന്ന നിരവധി പ്രസംഗങ്ങൾ ഉയർന്നുവന്നു. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഒരു പുസ്തകം തന്നെ ഈ വിഷയത്തിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.


ശ്രീധന്യ | Photo: Wiki Commons

ക്വിയർ മനുഷ്യരുടെ മരണങ്ങളെ ആഘോഷിക്കുന്നവർ!

പ്രവീണും റിഷാനയും തമ്മിലുള്ള ബന്ധം വേർപ്പെടുത്തിയെന്ന ഓണലൈൻ വാർത്തയ്ക്ക് ചുവടെ വന്ന കമന്റുകൾ മാത്രം പരിശോദിച്ചാൽ മതി സമൂഹം ക്വിയർ മനുഷ്യരോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടാൻ. പ്രവീൺ ആത്മഹത്യ ചെയ്യുന്നതിന് മുന്നേയുള്ള ദിവസങ്ങളിൽ നൽകിയ അഭിമുഖത്തിൽ ഓണലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാനസികമായേറെ വേദനിപ്പിച്ചെന്ന് സൂചിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരം സോഷ്യൽമീഡിയയിൽ സൈബർ അറ്റാക്ക് നേരിടുന്ന ഒരു വ്യക്തിയാണ് ഞാൻ. പ്രവീണിന്റെ ആത്മഹത്യയെ തുടർന്ന് ഭീഷണികളും വിദ്വേഷം നിറഞ്ഞ മെസേജുകളും കമന്റുകളുമാണ് എനിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ''നിന്നെയൊക്കെ തല്ലിയോടിക്കും''എന്ന ഒരു മെസേജ് എന്റെ ഇൻബോക്‌സിലേക്ക് വരുന്നത് ഒട്ടും യാദൃശ്ചികമായല്ല. എനിക്ക് തീർത്തും അപരിചതനായ ഒരു വ്യക്തിയ്ക്ക് പോലും എന്റെ നിലനിൽപ്പിനോട് ഇത്രയും അസഹിഷ്ണുതയുണ്ട്. അതുകൊണ്ട് സോഷ്യൽമീഡിയയിലെയും മറ്റും ചില പുരോഗമന ഉണർവുകളെ മുൻനിർത്തി കേരളം മാറിയെന്ന് എന്നോട് കള്ളം പറയരുത്. ഓരോ ക്വിയർ വ്യക്തിയും നിരന്തരം സമരം ചെയ്യുന്നത് അങ്ങേയറ്റം ദുഷിച്ച ഈ വ്യവസ്ഥിതിയോടാണ്. ഈ സമരം എളുപ്പമല്ല. ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.

ക്വിയർ മനുഷ്യരുടെ നിലനില്പ്പിനെയും ജീവനാവകാശത്തെയും അപ്പാടെ റദ്ദാക്കുന്ന വ്യവഹാരങ്ങൾ ആത്യന്തികമായി ക്വിയർ മനുഷ്യർ ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദ്ദേശമുള്ളവയാണ്. പ്രവീണിന്റെ ട്രാൻസ് ഐഡന്റിറ്റിയെപോലും അംഗീകരിക്കാതെ പ്രവീൺ സ്ത്രീയാണെന്ന് പറയുന്ന ഒരുകൂട്ടം ആളുകളെ ഈ വാർത്തകൾക്ക് ചുറ്റും കാണാനായി. ട്രാൻസ് വിരുദ്ധരായ ഈ കൂട്ടങ്ങളോട് നിരന്തരം പൊരുതിയാണ് പ്രവീൺ ഇക്കാലമത്രയും അതിജീവിച്ചത്. പ്രവീണിന്റെ സ്വത്വത്തെ അംഗീകാരിക്കാനാകാത്ത മനുഷ്യരുടെ രോഷവും വിലാപവുമെല്ലാം കേവലം നാട്യം മാത്രമാണ്. യെസ് കേരളയെ പോലുള്ള ക്വിയർ വിരുദ്ധ സംഘടനകൾ പ്രവീണിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എത്ര തന്ത്രപരമായാണ് ക്വിയർ മനുഷ്യരുടെ മരണത്തെ അടക്കം ഇക്കൂട്ടർ മുതലെടുക്കുന്നതെന്ന് നോക്കൂ. ഈ പ്രസ്ഥാനങ്ങളുടെ മനുഷ്യത്വ വിരുദ്ധതയും ഒളിയജണ്ടകളും ചോദ്യംചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്.


പ്രവീൺനാഥ്, റിഷാന  | Photo: Instagram

ക്വിയർ മനുഷ്യരുടെ മരണങ്ങളിലെല്ലാം സമൂഹത്തിന് പങ്കുണ്ട്!

2012 ലാണ് കൊല്ലം തങ്കശ്ശേരിയിലെ ക്വാട്ടേഴ്‌സിൽ സ്വീറ്റ് മരിയ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. അവളുടെ തൊണ്ടയും വയറുമെല്ലാം കീറിയിരുന്നു. പിന്നീട് ഗൗരിയും ശാലുവും കൊലചെയ്യപ്പെട്ടു. വളരെ ക്രൂരമായാണ് ഈ കൊലപാതകങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർന്ന് അഞ്ചന ആത്മഹത്യ ചെയ്തു. ട്രാൻസ് ജെൻഡർ സ്ഥാനാർഥി സ്‌നേഹ തീ കൊളുത്തി മരിച്ചു. പത്തനംതിട്ടയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങിയ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറിനെ സ്വന്തം ചേട്ടനാണ് തലക്കടിച്ചു കൊന്നത്. അഞ്ജന, അനന്യ, പ്രവീൺ തുടങ്ങി മരണപ്പെട്ട എല്ലാ ക്വിയർ മനുഷ്യരുടെയും ജീവിതം ദുസ്സഹമാക്കിയതിൽ സമൂഹത്തിന് പങ്കുണ്ട്. 

പ്രവീണിന്റെ ആത്മഹത്യയിൽ സമൂഹത്തിന് യാതൊരു പങ്കുമില്ല, പ്രവീണിന്റെ പങ്കാളിയുടെ പീഡനങ്ങളാണ് കാരണമെന്ന് എളുപ്പം കൈകഴുകാനൊക്കില്ല. ക്വിയർ മനുഷ്യർക്കിടയിലെ ബന്ധങ്ങളെല്ലാം സമത്വ സുന്ദരമാകണമെന്നില്ല. എല്ലാ മനുഷ്യരെയും പോലെ വ്യത്യസ്തതകളും വൈരുധ്യങ്ങളും ക്വിയർ മനുഷ്യർക്കിടയിലുമുണ്ട്. പ്രവീണിന്റെ മരണത്തിൽ സമൂഹത്തിന് പങ്കുണ്ടെന്ന് പറയുന്നത് വഴി റിഷാനയെ രക്ഷിച്ചെടുക്കാനല്ല ശ്രമിക്കുന്നത്. റിഷാനയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റുകൾ ചോദ്യംചെയ്യപ്പെടേണ്ടതും ന്യായീകരിക്കാനാകാത്തതുമാണ്.  പ്രവീൺ സജീവമായി പ്രവർത്തിച്ചിരുന്ന സഹയാത്രിക എന്ന സംഘടന ഈ വിഷയത്തിൽ കൃത്യമായ ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തെറ്റുചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യത ക്വിയർ മനുഷ്യർക്കില്ല. ഈ ചർച്ചകളുടെ മറവിൽ ഈ ആത്മഹത്യയുടെ ഉത്തരവാദിത്തം മൊത്തം ക്വിയർ മനുഷ്യരുടെയും തലയിൽ കെട്ടിവെച്ച് ക്വിയർമനുഷ്യരെ ഉന്മൂലനം ചെയ്ത് കളയണമെന്ന ലക്ഷ്യം വെച്ച് നിൽക്കുന്നവരെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. 'സമൂഹം കൊന്നതല്ല' എന്ന രീതിയിൽ എളുപ്പം കൈകഴുകി രക്ഷപ്പെടാനുള്ള തത്രപ്പാടുകൾ ഒരു വഴിക്ക് ഇക്കൂട്ടർ നടത്തുന്നുണ്ട്. ഒരു വശത്ത് ക്വിയർ മനുഷ്യർക്കെതിരെ നിരന്തരം വെറുപ്പ് പടർത്തിയും ആളുകളെ മാനിപ്പുലേറ്റ് ചെയ്തും സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ പണിപ്പെടുന്നവരാണ് പ്രവീണിന്റേതുൾപ്പടെയുള്ള മരണങ്ങളിൽ മുതലക്കണ്ണീരൊലിപ്പിച്ച് രക്ഷകസ്ഥാനം ഏറ്റെടുക്കുന്നത്. ഈ മരണങ്ങളെ ഉപയോഗപ്പെടുത്തി ക്വിയർ മനുഷ്യർക്കെതിരെ സമൂഹത്തിലേക്ക് പരമാവധി തെറ്റിദ്ധാരണകൾ കെട്ടഴിച്ചുവിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.


അനന്യ കുമാരി അലക്സ് | Photo: Facebook

പ്രവീണിന്റെ മരണത്തിന് ശേഷം ശക്തമാകുന്ന ക്വിയർ വിരുദ്ധ ചർച്ചകളെക്കൂടി കണക്കിലെടുത്തേ ഈ വിഷയത്തിന്റെ സങ്കീർണ്ണതകളെ തിരിച്ചറിയാനാകു. സ്വന്തം ട്രാൻസ് സ്വത്വം അഭിമാനത്തോടെ തുറന്നുപറയുകയും സജീവമായി സഹയാത്രിക പോലുള്ള വളരെയേറെ ചരിത്രപ്രാധാന്യമുള്ള സംഘടനയിൽ പ്രവർത്തിക്കുകയും നിരന്തരം സമൂഹത്തിന്റെ ക്വിയർ വിരുദ്ധതയെ എതിർക്കുകയും ചെയ്ത ഒരു വ്യക്തിയുടെ രാഷ്ട്രീയ ജീവിതത്തെ അപ്പാടെയാണ് ഈ ചർച്ചകൾ കണ്ടില്ലെന്ന് നടിക്കുന്നത്. ഇത് ഒട്ടും നിഷ്‌കളങ്കമായ കാര്യമല്ല. കേരളത്തിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവുമെല്ലാം ഓരോ ക്വിയർ മനുഷ്യന്റെയും മരണത്തിന്റെ പിന്നിലെ 'അദൃശ്യ'കാരണമായി തീരുന്നുണ്ട്. ഈ കൂട്ടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വെറുപ്പിന്റെ മീതെയാണ് ക്വിയർ മനുഷ്യർക്ക് നേരെയുള്ള അതിക്രമങ്ങളെല്ലാം സംഭവിക്കുന്നതും ക്വിയർ മനുഷ്യരുടെ സ്വസ്ഥമായ ജീവിതം നശിക്കുന്നതും. കോയമ്പത്തൂരിൽ വെച്ച് തനിക്ക് നേരെയുണ്ടായ ഒരതിക്രമത്തെ കുറിച്ച്, ഒരു രാത്രി ആനന്ദ് പറഞ്ഞുതന്നിട്ടുണ്ട്. ആ മുറിപ്പാട് ആനന്ദിന്റെ കണ്ണിന് കുറുകെ ഇപ്പോഴുമുണ്ട്. കഴുത്തിലേക്ക് നീളുന്ന ഒന്ന്. ആനന്ദ് പറയും; ''ഈ പാടുകളൊന്നുമായല്ല ഞാൻ ജനിച്ചത്, ഇതെനിക്ക് ഈ സമൂഹം തന്നതാണ്. സമൂഹം എന്നോട് ചെയ്തത് ഞാൻ തിരിച്ചുചെയ്താൽ വല്ല തീവ്രവാദിയൊക്കെ ആയേനെ''
   
വിദ്വേഷജനകമായ ഒരു സാമൂഹികാന്തരീക്ഷത്തിലാണ് നമ്മളുള്ളത്. ഇത് ഒരുപക്ഷേ സംവാദം കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നമാകണമെന്നില്ല. നമ്മുടെ സാമൂഹ്യഘടനയിലാകെ വേരാഴ്ത്തിയിരിക്കുന്ന ക്വിയർ വിരുദ്ധതയിലും അതിന്റെ പ്രവർത്തനരീതികളിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളിലെ ചിതറിയതും ഒറ്റപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ നിന്നും വ്യതിചലിച്ച് ഒരു ഏകീകരണം ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് കൈവരിക്കാനായിട്ടുണ്ട്. ഏറെക്കുറെ സംഘടിതമായ ഒരു സ്വഭാവം സ്വീകരിച്ചാണ് കേരളത്തിലെ പുതിയ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും ഇത് പുതിയ ഒരു സാമൂഹിക സാഹചര്യമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇക്കൂട്ടർ ക്വിയർ മനുഷ്യർക്കെതിരെ നിരന്തരം വെറുപ്പും വിദ്വേഷവും കെട്ടഴിച്ചുവിടുന്നു, കുടുംബം തകർക്കപ്പെടാൻ പോകുന്നെന്ന മുന്നറിയിപ്പ് നൽകുന്നു, ക്വിയർ മനുഷ്യർ മാഫിയയാണെന്നും രോഗികളാണെന്നും പീഡകരാണെന്നും മുദ്രകുത്തുന്നു. ഈ വിദ്വേഷ പ്രസംഗം ഭാവിയിൽ ക്വിയർ മനുഷ്യരുടെ ജീവന് നേരെയുള്ള പരസ്യമായ അതിക്രമങ്ങളിലേക്ക് വഴി മാറിയാലും ഞെട്ടാനൊന്നുമില്ല. 2016-ൽ ഫ്‌ലോറിഡയിലെ ഗേ ക്ലബ്ബിൽ നടന്ന വെടിവെപ്പിൽ 49 പേരും 2022-ൽ കൊളറാഡോയിൽ നടന്ന വെടിവെപ്പിൽ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. കേരളത്തിൽ നിലവിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധമായ അന്തരീക്ഷം ഒട്ടും നല്ലതല്ലാത്ത ഒരു ഭാവിയെക്കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്ന് സാരം. ക്വിയർ മനുഷ്യരുടെ മരണങ്ങളൊന്നും ശൂന്യതയിൽ സംഭവിക്കുന്നതല്ല, വളരെ ആസൂത്രിതം തന്നെയാണ്. അങ്ങേയറ്റം ക്വിയർഭീതിതമായ ഒരു സാമൂഹികാന്തരീക്ഷം ഈ മരണങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ട്; എത്ര ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഈ മരണങ്ങളിൽ (പൊതു) സമൂഹത്തിനുള്ള പങ്ക് എളുപ്പം മായ്ച്ചുകളയാനാകില്ല.


#outlook
Leave a comment