
ഇന്ത്യ മുന്നണിയുടെ സ്ഥിതി എന്താണ്? കോണ്‍ഗ്രസിനോട് ശിവസേന (ഉദ്ധവ്)
ഇന്ത്യ മുന്നണിയുടെ സ്ഥിതിയെക്കുറിച്ച് കോണ്‍ഗ്രസ് നിശ്ചയമായും സംസാരിക്കണമെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയില്‍ എഴുതിയ എഡിറ്റോറിയലില്‍ ആണ് ശിവസേന ഇത് ആവശ്യപ്പെട്ടത്.
അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ മുന്നണിയെക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണി എവിടെ നില്‍ക്കുന്നുവെന്ന ചോദ്യങ്ങള്‍ ഉയരുന്നു. സഖ്യത്തിന് എന്ത് സംഭവിച്ചു. അതിനെ മണ്ണില്‍ കുഴിച്ചു മൂടിയോ അതോ വായുവില്‍ ലയിച്ചുപോയോ? എന്ന് മുഖ പ്രസംഗം ചോദിച്ചു. ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് പ്രസിഡന്റിന് ഉണ്ടെന്നും സാംന പറയുന്നു.
രണ്ട് ദശാബ്ദമായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന ഗുജറാത്തില്‍വച്ച് കോണ്‍ഗ്രസിന്റെ സെഷന്‍ ഏപ്രില്‍ 8-9 തിയതികളില്‍ നടന്നിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിച്ചിരുന്നു.
ബീഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് ശിവസേന ആരാഞ്ഞു. അതോ പാര്‍ട്ടി വീണ്ടും തോല്‍വിയെ സ്വാഗതം ചെയ്യുമോയെന്നും സേന ചോദിക്കുന്നു.
ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍ ആണ് ഏറ്റവും വലിയ സഖ്യകക്ഷി, ഗുജറാത്തിലും പശ്ചിമബംഗാളിലും ഇന്ത്യ മുന്നണിയുടെ ഭാഗമായ എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മത്സരിക്കും.