
പോസിറ്റീവായി പറഞ്ഞത് നെഗറ്റീവാക്കി: അടൂർ
ഫിലിം കോണ്‍ക്ലേവില്‍ താൻ പോസിറ്റീവായി പറഞ്ഞത് ആളുകൾ നെഗറ്റീവായാണ് എടുത്തതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിന് താന്‍ എതിരല്ലെന്നും മുന്‍പരിചയമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം നല്‍കുന്നതിനോടൊപ്പം കൃത്യമായ പരിശീലനവും നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ പണം വെറുതെ കൊടുക്കരുതെന്ന് അടൂര്‍ പറഞ്ഞത് വിവാദമാകുകയും അതിനെതിരെ പരാതി വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായും അടൂർ വ്യക്തമാക്കി.
ആദ്യമായി സിനിമ എടുക്കുന്നവര്‍ക്ക് ഒന്നരക്കോടി രൂപയാണ് നൽകുന്നത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും 50 ലക്ഷം വച്ച് 3 പേര്‍ക്ക് നൽകിയാൽ കൂടുതൽ പേര്‍ക്ക് അവസരം ലഭിക്കും എന്നും അടൂർ അഭിപ്രായപ്പെട്ടു.
താന്‍ സംസാരിച്ചപ്പോള്‍ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അടൂര്‍ പറഞ്ഞു. എന്നാൽ ട്രെയിനിങ് എല്ലാവർക്കും ആവശ്യമാണെന്നും ഒരു വിഭാഗത്തിന് മാത്രമല്ലെന്നും കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പറഞ്ഞു.


