
വൈറ്റ്ഹൗസ് ആക്രമണം: ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്
2023 മെയ് 22-ന് വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ 20 വയസ്സുള്ള സായ് വര്‍ഷിത് കണ്ടുലയെ യുഎസ് കോടതി എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ സര്‍ക്കാരിനെ അട്ടിമറിച്ചശേഷം നാസി ആശയങ്ങളില്‍ അധിഷ്ഠിതമായ ഏകാധിപത്യ ഭരണം നടപ്പിലാക്കാന്‍ അക്രമി ശ്രമിച്ചതായി ജസ്റ്റിസ് വകുപ്പ് പറഞ്ഞു.
വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ചാണ് സായ് അക്രമത്തിന് മുതിര്‍ന്നത്. ഇന്ത്യയിലെ ചന്ദനഗറിലാണ് സായ് ജനിച്ചത്. യുഎസിലെ ഗ്രീന്‍ കാര്‍ഡ് ഉടമയായ ഇയാള്‍ക്ക് യുഎസില്‍ സ്ഥിരവാസത്തിനുള്ള അനുമതി ഉണ്ട്.
മിസൗറിയിലെ സെന്റ് ലൂയിസില്‍ നിന്നും വിമാനത്തില്‍ കയറി വാഷിങ്ടണ്‍ ഡിസിയിലേക്ക് ടിക്കറ്റെടുത്ത് ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അക്രമി വൈകുന്നേരം 6.30 ഓടെ ട്രക്ക് വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് ഡ്രൈവ് ചെയ്തു. രാത്രി 9.35 ഓടെ വൈറ്റ്ഹൗസിന്റെ സുരക്ഷാ സംവിധാനങ്ങളുടെ മേല്‍ വാഹനം ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്.
എന്നിട്ട് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ബാഗില്‍നിന്നും നാസി സ്വസ്തിക ചിഹ്നമുള്ള പതാക വീശി. സംഭവസ്ഥലത്തുനിന്നും യുഎസ് പാര്‍ക്ക് പൊലീസും യുഎസ് സീക്രട്ട് സര്‍വീസ് ഓഫീസര്‍മാരും കണ്ടുലയെ അറസ്റ്റ് ചെയ്തു.
വൈറ്റ്ഹൗസിലേക്ക് അതിക്രമിച്ചു കയറി രാഷ്ട്രീയ അധികാരം പിടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. അമേരിക്കയുടെ അധികാരം പിടിച്ചെടുത്ത് നാസി ശൈലിയില്‍ ഏകാധിപതിയാകുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അനവധി ആഴ്ച്ചകള്‍ കൊണ്ടാണ് സായ് ആക്രമണം ആസൂത്രണം ചെയ്തത്. 2023 ഏപ്രില്‍ 22-ന് വിര്‍ജിനിയയിലെ ഒരു സുരക്ഷാ കമ്പനിയില്‍ നിന്നും സായുധ സൈന്യത്തെ ലഭ്യമാക്കാന്‍ ശ്രമിച്ചിരുന്നു. 2023 മെയ് 4നും സായ് സമാനമായ ശ്രമം നടത്തിയിരുന്നുവെന്ന് യുഎസ് അധികൃതര്‍ പറയുന്നു.


