
കൗമാരക്കാർക്കുള്ള എംപോക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കൗമാരക്കാർക്കുള്ള എംപോക്സ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംപോക്സ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഇത് ഏറ്റവും കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള 12 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിനാണ് അംഗീകാരം നൽകിയത്.
ബവേറിയൻ നോർഡിക്കാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. കൗമാരക്കാർക്കുള്ള ജെന്നിയോസ് വാക്സിന് പ്രീക്വാളിഫിക്കേഷൻ നൽകിയതായി ലോകാരോഗ്യ സംഘടന പറയുന്നു. കോംഗോയിലും തൊട്ടടുത്ത രാജ്യങ്ങളിലും എംപോക്സ് വ്യാപിച്ചതിനെ തുടർന്ന് രോഗത്തെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. പനിയും ദേഹമാസകലമുണ്ടാവുന്ന പഴുപ്പ് നിറഞ്ഞ കുരുക്കളുമാണ് രോഗലക്ഷണം. കൗമാരക്കാർക്കുള്ള വാക്സിന് ആവശ്യമായ മരുന്നിനുള്ള അനുമതി യൂറോപ്യൻ യൂണിയൻ സെപ്തംബറിൽ നൽകിയതാണ് ഡബ്ലുഎച്ച്ഒയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ഡാനിഷ് ബയോടെക് സ്ഥാപനമായ ബവേറിയൻ നോർഡിക് രണ്ട് മുതൽ 12 വരെയുള്ള കുട്ടികളിൽ വാക്സിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ക്ലിനിക്കൽ ട്രയലിന് ഒരുങ്ങുകയാണ്. ഇത് വാക്സിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ സഹായകമാകും. കോളിഷൻ ഫോർ എപ്പിഡമിക് പ്രിപ്പയർഡ്നെസ് ഫോർ ഇന്നൊവേഷൻ ആണ് ട്രയലിന് ആവശ്യകമായ ഭാഗിക ധനസഹായം നൽകുക, ഈ മാസം തന്നെ ട്രയൽ ആരംഭിക്കുമെന്ന് കരുതുന്നു.
യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ബവേറിയൻ വാക്സിന് അനുമതി നൽകിയിരുന്നു. എന്നാൽ ഇത് 18 വയസിനും അതിന് മുകളിലുള്ളവർക്കും മാത്രമേ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. 2022ൽ എംപോക്സ് പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ അടിയന്തിരഘട്ടങ്ങളിൽ കൗമാരക്കാരിൽ ഇവ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരുന്നു. ജപ്പാനിലെ കെ എം ബയോലോജിക്സിൽ നിർമ്മിതമായ എൽസി16 എന്ന മറ്റൊരു എംപോക്സ് വാക്സിൻ നിലവിൽ കുട്ടികളിൽ ഉപയോഗിച്ച് വരുന്നുണ്ട്.