ടെഡ്രോസ് അദാനോം | PHOTO: WIKI COMMONS
ഗാസ മരണമേഖലയിലെന്ന് ലോകാരോഗ്യ സംഘടന മേധാവി
ഗാസ മുനമ്പ് മരണമേഖലയായി മാറിയതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബര്‍സീയുസസ്. ഗാസയില്‍ ഇതിനോടകം ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ഒട്ടേറെ പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും മരിച്ചതായി സംശയിക്കുന്നതായും ആക്രമണങ്ങളില്‍ ഓരോ ദിവസവും നിരവധി പേര്‍ക്കാണ് പരുക്കേല്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ ഉപരോധം 30-ാം ദിവസം
ഇസ്രായേല്‍ ഉപരോധം 30-ാം ദിവസവും തുടരുന്നതിനിടെ ഖാന്‍ യൂനിസിലെ അല്‍-അമല്‍ ഹോസ്പിറ്റലില്‍ സ്ഥിതി ഗുരുതരമായിരിക്കുമെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് മുമ്പ് ഒരുശതമാനം ജനങ്ങള്‍ക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കില്‍ പല മേഖലകളിലും ഇപ്പോള്‍ അത് 15 ശതമാനമായി ഉയര്‍ന്നു. യുദ്ധം തുടരുകയും ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനഃരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കില്‍ ഇത് വീണ്ടും ഉയരുമെന്നും ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.
ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 29,313 പലസ്തീനികള്‍ കൊല്ലപ്പെടുകയും 69,333 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 1,139 ഇസ്രയേല്‍ വംശജരും കൊല്ലപ്പെട്ടതായാണ് പുതിയ കണക്കുകള്‍ പറയുന്നത്.