TMJ
searchnav-menu
post-thumbnail

ടെഡ്രോസ് ഗ്രബിയേസസ് | PHOTO: UNITED NATIONS

TMJ Daily

കോവിഡിന് പിന്നാലെ 'ഡിസീസ് എക്‌സ്'; മുന്നറിയിപ്പ് നല്കി ഡബ്യു.എച്ച്.ഒ

26 May 2023   |   3 min Read
TMJ News Desk


കോവിഡ് 19 നേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയതിനു പിന്നാലെ ആശങ്കയുയർത്തി പുതിയ രോഗം. 'ഡിസീസ് എക്‌സ്' എന്നറിയപ്പെടുന്ന രോഗം ഡബ്‌ള്യു. എച്ച്.ഒ പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാ പട്ടികയിലിടം നേടിയിട്ടുണ്ട്. എന്നാൽ രോഗത്തെപ്പററി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 76-ാം ലോക ആരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ഗ്രബിയേസസ് ഇക്കാര്യം സൂചിപ്പിച്ചത്. രോഗവ്യാപനത്തിനും മരണത്തിനും കാരണമാകുന്ന മറ്റൊരു വകഭേദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും, പുതിയ മഹാമാരി വരുമ്പോൾ നമ്മൾ കൂടുതൽ സ്ഥിരതയോടും ഒറ്റക്കെട്ടായും പ്രവർത്തിക്കാൻ സജ്ജരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്ത, വരാനിരിക്കുന്ന ആഗോള മഹാമാരിയെന്നാണ് ഡിസീസ് എക്‌സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഈ രോഗം വൈറസ് മൂലമോ അല്ലെങ്കിൽ ബാക്ടീരിയയോ ഫംഗസ് മൂലമോ പകരുന്നതാവാമെന്ന് ഡബ്യു.എച്ച്.ഒ വെളിപ്പെടുത്തി. ഫലപ്രദമായ ചികിത്സയും ഇപ്പോൾ ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല. 2018-ലാണ് ഡിസീസ് എക്‌സ് എന്ന പദം ഡബ്യു.എച്ച്.ഒ ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഒരു വർഷത്തിനുശേഷമാണ് ലോകത്ത് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്. 'ഡിസീസ് എക്‌സ്' മൃഗങ്ങൾ വഴി മനുഷ്യനിലെത്താനാണ് സാധ്യതയെന്ന് ചിലർ പറയുമ്പോൾ മനുഷ്യനുണ്ടാക്കുന്ന രോഗകാരിയായിരിക്കുമിതെന്ന് മറ്റുചിലരും വാദിക്കുന്നു.

കോവിഡ് ആശങ്കയിൽ ചൈന

അതേസമയം, ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപുറപ്പെട്ടിരിക്കുകയാണെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'എക്‌സ്ബിബി' (XBB) എന്നറിയപ്പെടുന്ന വകഭേദത്തിന്റെ വ്യാപനത്തോത് ജൂണിൽ കൂടുമെന്നും ഏകദേശം 650 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ തരംഗത്തെ ചെറുക്കുന്നതിനായി വാക്‌സിനുകൾ നല്കുന്നത് വേഗത്തിലാക്കിയിരിക്കുയാണ് അധികൃതർ.

'എക്‌സ്ബിബി' ഒമിക്രൊൺ സബ് വേരിയന്റുകൾക്ക് (എക്‌സ്ബിബി. 1.9.1, എക്‌സ്ബിബി. 1.5, എക്‌സ്ബിബി. 1.16 ഉൾപ്പെടെ) രണ്ട് പുതിയ വാക്‌സിനേഷനുകൾ പ്രാഥമികമായി ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.  മൂന്നോ നാലോ വാക്സിനുകൾക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ഗ്വാങ്ഷൂവിൽ നടന്ന ഒരു ബയോടെക് സിമ്പോസിയത്തിൽ സംസാരിക്കവെ പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷാൻ
പറഞ്ഞതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 85 ശതമാനത്തോളം ജനങ്ങളും അസുഖബാധിതരായിരുന്ന അവസാനഘട്ട തരംഗത്തിനു ശേഷം രാജ്യത്ത് കർശനമാക്കിയിരുന്ന സീറോ കോവിഡ് പോളിസി നിയമങ്ങൾ ഒഴിവാക്കിയിരുന്നു.

നിലവിൽ ചൈനയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് രാജ്യത്തെ പല വിദഗ്ധരും സൂചിപ്പിക്കുന്നത്. രോഗതീവ്രത കുറവായിരിക്കുമെന്നതിനാൽ മരണനിരക്ക് ഉയരുമോ എന്ന ഭയം ഇല്ല. അതോടൊപ്പം തന്നെ വാക്‌സിനുകളും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. യുഎസിലും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾ യുഎസിലും പുതിയ തരംഗത്തിന് കാരണമാകുമോയെന്ന് ആശങ്കയുണ്ട്.

ലോകത്ത് കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മെയ് ആദ്യവാരത്തിൽ ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നു. പൊതുജനങ്ങൾ വാക്‌സിൻ സ്വീകരിച്ചതിലൂടെയും സ്വഭാവിക പ്രതിരോധം നേടിയതിലൂടെയും മരണങ്ങൾ കുറയുന്നുവെന്നും പഠനങ്ങളിൽ വ്യക്തമാക്കി. എന്നാൽ, ആഗോള അടിയന്തരാവസ്ഥ എന്ന നിലയിൽ നിന്ന് കോവിഡ് മാറുന്നു എന്നത് കൊണ്ട് അത് ആഗോള ആരോഗ്യ ഭീഷണി അല്ലാതാവുന്നില്ല, കോവിഡിന്റെ പുതിയ വകഭേദങ്ങൾ മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും 2030 വരെ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൈവരിക്കേണ്ട നേട്ടങ്ങളെ കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്നും ഡബ്യു.എച്ച്.ഒ മേധാവി വ്യക്തമാക്കി.

നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടക്കമിട്ട കോവിഡ് വൈറസിന്റെ വ്യാപനം അതിവേഗത്തിലായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ വൈറസ് ബാധ കേരളത്തിലെത്തുകയും ചെയ്തു. ചൈനയിൽ തുടങ്ങിയെങ്കിലും മഹാമാരി നാശം വിതച്ച രാജ്യങ്ങളിൽ മുന്നിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങിയവയായിരുന്നു. ഒന്നാം തരംഗത്തിന്റെ ഭീതി മാറുന്നതിന് മുമ്പെ രണ്ടും മൂന്നും നാലും തരംഗങ്ങൾക്ക് ലോകം സാക്ഷിയായി. ലോകത്താകെ 76.5 കോടി കോവിഡ് ബാധിതരിൽ 69.2 ലക്ഷം ആളുകൾ മരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരിച്ചതും അമേരിക്കയിലാണ്. 8.2 കോടി രോഗബാധിതരിൽ 9.82 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ചൈനയിൽ നിന്ന് തൃശൂരിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിയിലൂടെയാണ് കോവിഡ് ആദ്യമായി ഇന്ത്യയിലെത്തിയത്. പതിയെ രോഗബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങി. ചൈനയടക്കം മിക്ക രാജ്യങ്ങളും ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ 2020 മാർച്ച് 24ന് ഇന്ത്യയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപ്രതീക്ഷിത അടച്ചിടലിൽ ജനങ്ങൾ വലഞ്ഞു. മാസ്‌കും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് സംഭവിച്ചു. ആശുപത്രികൾ നിറഞ്ഞു. പ്രതിരോധപ്രവർത്തനത്തിന്റെ ഫലമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു. മരുന്നുകൾക്കും ഓക്‌സിജനും ക്ഷാമം വന്നതും ആളുകൾ അടുത്തിടപഴകാൻ ഭയപ്പെട്ടതും സ്വന്തം വീട്ടിൽ അകന്നു കഴിയാൻ നിർബന്ധിതരായതും കോവിഡ് കാലത്തിന്റെ മറക്കാത്ത ഓർമകളാണ്.

രാജ്യത്ത്, ആദ്യ കോവിഡ് തരംഗം 2020 ജൂണിലാണ് തുടങ്ങിയത്. ആയിരത്തിലധികം മരണങ്ങൾ ആദ്യതരംഗത്തിൽ റിപ്പോർട്ട് ചെയ്തു. വാക്‌സിൻ വിതരണം ആരംഭിച്ചതിനിടെ 2021 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലത്താണ് രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ഉണ്ടായത്. ഓക്‌സിജൻ ലഭിക്കാതെയും മതിയായ ചികിത്സ കിട്ടാതെയും രോഗികൾ മരിച്ചുവീഴുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന ഓർമകളിലൊന്നാണ്. രണ്ടാം തരംഗത്തിന്റെ ക്ഷീണത്തിൽ നിന്ന് രാജ്യം പഴയനിലയിലേക്ക് മാറിയപ്പോഴാണ് മൂന്നാം തരംഗം ഉണ്ടായത്. അപ്പോഴേക്കും ജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചിരുന്നു. നാലാം തരംഗം 2022 ജനുവരി ആദ്യമാസങ്ങളോടെ വീണ്ടും ആരംഭിച്ചെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നു.

കൊറോണ വൈറസിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പലവകഭേദങ്ങളുണ്ടായി. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ സാർസ്-കോവ്-2 എന്ന വൈറസ് മൂലം വന്ന കോവിഡിന് ശേഷം വൈറസിന്റെ ഒട്ടേറെ വകഭേദങ്ങൾ ലോകത്താകമാനം പടർന്നു പിടിച്ചു. ഡെൽറ്റ, ഡെൽറ്റ പ്ലസ്, ആൽഫ, ബീറ്റ, ഒമിക്രോൺ, ഒമിക്രോൺ ബി.എ.1, ഒമിക്രോൺ ബി.എ 2, ഒമിക്രോൺ ബി.എ 3 എന്നിവയാണ് മനുഷ്യന് ഭീഷണിയുയർത്തിയ വകഭേദങ്ങൾ.

കോവിഡ് രോഗികളിൽ വർധനവ് നേരിട്ട് ഇന്ത്യ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 490 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. അതേസമയം, സജീവ കേസുകൾ 6,168 ൽ നിന്ന് 5,707 ആയി കുറഞ്ഞു. രണ്ട് മരണങ്ങളോടെ മരണസംഖ്യ 5,31,856 ആയി ഉയർന്നതായി അപ്ഡേറ്റ് ചെയ്ത ഡാറ്റ പറയുന്നു. കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി (4,49,88,916) രേഖപ്പെടുത്തി. സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധകളുടെ 0.01 ശതമാനമാണ്. അതേസമയം, ദേശീയ കോവിഡ്-19 വീണ്ടെടുക്കൽ നിരക്ക് 98.80 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,44,51,353 ആയി ഉയർന്നു, മരണനിരക്ക് 1.18 ശതമാനമായി രേഖപ്പെടുത്തി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.


#Daily
Leave a comment