
അടുത്ത പോപ്പ് : സാധ്യത പട്ടിക
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും ആഗോള കത്തോലിക്ക സഭയെ നയിക്കുന്നത് ആരാകും എന്ന ചര്‍ച്ചകള്‍ സജീവമായി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാരവും ദുഖാചരണവും കഴിഞ്ഞ് അടുത്ത 15 മുതല്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള സിസ്റ്റൈന്‍ ചാപ്പലില്‍ പ്രക്രിയ ആരംഭിക്കും. ആദ്യ ലാറ്റിനമേരിക്കന്‍ പോപ്പായ ഫ്രാന്‍സിസ് കത്തോലിക്ക സഭയില്‍ വന്‍മാറ്റങ്ങള്‍ക്ക് കാരണക്കാരനായി. ഈ മാറ്റങ്ങള്‍ തുടരുന്ന വ്യക്തിയാകുമോ അതോ സഭയെ അതിന്റെ പാരമ്പര്യ നിലപാടുകളിലേക്ക് തിരികെ നയിക്കുന്ന വ്യക്തിയാകുമോ അടുത്ത പോപ്പെന്ന് അറിയാനുള്ള ആകാംക്ഷയാണ് ലോകത്തിനുള്ളത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകളിലും സഭയുടെ ഭാവി തീരുമാനിക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനുമായി ലോകമെമ്പാടുമുള്ള കത്തോലിക്കസഭയുടെ കര്‍ദിനാള്‍മാര്‍ റോമിലേക്ക് എത്തുന്നു. ലോകത്താകെ 1.37 ബില്ല്യണ്‍ കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്.
പോപ്പ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പേരുകളും പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. വത്തിക്കാന്‍ നിരീക്ഷകരുടേയും വാതുവയ്പ്പുകാരുടേയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വിവിധ മാധ്യമങ്ങള്‍ പേരുകള്‍ പുറത്ത് വിടുന്നത്.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ടാഗിള്‍, ഇറ്റലിയില്‍നിന്നുള്ള പിയത്രോ പരോളിന്‍, ഘാനയില്‍നിന്നുള്ള പീറ്റര്‍ ടര്‍ക്ക്‌സണ്‍, ഹങ്കറിയില്‍നിന്നുള്ള പീറ്റര്‍ എര്‍ദോ, ഇറ്റലിയില്‍ നിന്നുള്ള ആഞ്ജലോ സ്‌കോള തുടങ്ങിയ കര്‍ദിനാളുമാരുടെ പേരുകള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
കര്‍ദിനാള്‍മാരില്‍ ആരുവേണമെങ്കിലും പോപ്പായി തിരഞ്ഞെടുക്കപ്പെടാം. സിസ്റ്റൈന്‍ ചാപ്പലിലെ അടച്ചിട്ട മുറിയില്‍ നടക്കുന്ന വോട്ടെടുപ്പുകളില്‍ കര്‍ദിനാള്‍മാര്‍ക്ക് സ്വന്തം പേര് അല്ലെങ്കില്‍ മറ്റൊരു കര്‍ദിനാളുടെ പേര് സ്ലിപ്പില്‍ രേഖപ്പെടുത്താം.
ലൂയിസ് അന്റോണിയോ ടാഗിളാണ് വാതുവയ്പ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി. മൂന്നിലൊന്ന് സാധ്യതയാണ് 67 വയസ്സുകാരനായ ഈ കര്‍ദിനാളിന് അവര്‍ നല്‍കുന്നത്. പോപ്പ് ഫ്രാന്‍സിസിന്റെ അടുത്ത വൃത്തങ്ങളിലെ പ്രമുഖന്‍ കൂടിയാണ് ഇദ്ദേഹം. അതിനാല്‍, അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികള്‍ ഈ കര്‍ദിനാള്‍ തുടരുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
70 വയസ്സുള്ള പിയത്രോ പരോളിന് നാലിലൊരു സാധ്യതയാണ് കല്‍പ്പിക്കുന്നത്. 2013 മുതല്‍ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ചൈനയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സഭയ്ക്ക് ഒരു സ്ഥിരത നല്‍കുന്നതിനൊപ്പം പോപ്പ് ഫ്രാന്‍സിസിന്റെ പരിഷ്‌കരണങ്ങളില്‍ ചിലത് ഇദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
വാതുവയ്പ്പ് വിപണിയില്‍ അഞ്ചിലൊരു സാധ്യതയാണ് പീറ്റര്‍ ടര്‍ക്ക്‌സണിനുള്ളത്. സഭയുടെ സാമൂഹ്യ നീതി ഇടങ്ങളിലെ പരിചിത മുഖമാണ്. കാലാവസ്ഥ മാറ്റം, ദാരിദ്ര്യം, സാമ്പത്തിക നീതി തുടങ്ങിയ വിഷയങ്ങളുടെ വക്താവാണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ മറ്റൊരു ചരിത്രവും രചിക്കപ്പെട്ടും. എഡി 492 മുതല്‍ 496 വരെ അധികാരത്തിലരുന്ന പോപ്പ് ഗലേഷ്യസിനുശേഷം ആഫ്രിക്കയില്‍ നിന്നും പോപ്പാകുന്ന വ്യക്തിയാകും പീറ്റര്‍.
പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്ന പീറ്റര്‍ എര്‍ദോയ്ക്ക് ആറിലൊന്ന് സാധ്യതയാണ് കല്‍പ്പിക്കുന്നത്. കാനോനിക നിയമ പണ്ഡിതനായ ഇദ്ദേഹം പരമ്പരാഗത കത്തോലിക്ക വിശ്വാസങ്ങളുടെ ശക്തനായ വക്താവാണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാല്‍ സഭ പോപ്പ് ഫ്രാന്‍സിസിന്റെ മാര്‍ഗത്തില്‍നിന്നും ജോണ്‍ പോള്‍ രണ്ടാമന്റേയും ബനഡിക്ട് പതിനാറാമന്റേയും പാതയിലേക്ക് മാറി സഞ്ചരിക്കുന്നത് സാക്ഷിയാകും.
82 വയസ്സുകാരനായ കര്‍ദിനാള്‍ ആഞ്ജലോ സ്‌കോളയ്ക്ക് എട്ടിലൊന്ന് സാധ്യതയാണുള്ളത്. പോപ്പ് ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ട 2013ല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ ഒരാളാണ് ഇദ്ദേഹം. മിലാനിലെ മുന്‍ ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം കൂടുതല്‍ അധികാര കേന്ദ്രീകൃതമായ സഭയുടെ വക്താവാണ്.


