TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

എന്‍ സി ഇ ആര്‍ ടിയുടെ അടിക്കടിയുള്ള സിലബസ് പരിഷ്‌കരണം എന്തിന്?

02 Jun 2023   |   3 min Read
TMJ News Desk

വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരില്‍ എന്‍ സി ഇ ആര്‍ ടി സിലബസില്‍ മാറ്റംവരുത്തുന്നത് ഇതാദ്യമല്ല. ഇപ്പോഴിതാ പത്താംക്ലാസിലെ പുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പീരിയോഡിക് ടേബിള്‍, ഊര്‍ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കുക അത്യാവശ്യമാണെന്ന വാദമാണ് എന്‍സിഇആര്‍ടി ഉയര്‍ത്തുന്നത്. അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്ന കാരണവും പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനു ന്യായീകരണമായി എന്‍സിഇആര്‍ടി പറയുന്നു. 

2022-23 അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിനുശേഷം ഏതെങ്കിലും ഭാഗങ്ങള്‍ പുതുതായി വെട്ടിമാറ്റുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിഇആര്‍ടി പറഞ്ഞിരുന്നു. വിവിധ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ ലിസ്റ്റ് പുറത്തുവിട്ട സാഹചര്യത്തില്‍ നല്‍കിയ വിശദീകരണമായിരുന്നു അത്. എന്നാല്‍ പുതുതായി പുറത്തിറക്കിയ പാഠപുസ്തകങ്ങളിലാണ് വീണ്ടും വെട്ടിമാറ്റലുകള്‍ കണ്ടെത്തിയിരിക്കുന്നത്. 

തിരുത്തിയെഴുതുന്ന പാഠഭാഗങ്ങള്‍ 

പത്താം ക്ലാസ്സ് സയന്‍സ് പുസ്തകത്തിലെ മൂന്നു പാഠങ്ങളും ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് പുസ്തകത്തിലെ മൂന്നു പാഠങ്ങളുമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. മൂലകങ്ങളുടെ വര്‍ഗീകരണം, ഊര്‍ജസ്രോതസ്സുകള്‍, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മേല്‍നോട്ടം എന്നീ പാഠങ്ങളാണ് ശാസ്ത്ര പുസ്തകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് പൊളിറ്റിക്‌സിലെ ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നീ പാഠങ്ങളും നീക്കംചെയ്തു. 

ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളെല്ലാം 11, 12 ക്ലാസ്സുകളിലെ പുസ്തകങ്ങളിലുണ്ടെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. എന്നാല്‍ 11, 12 ക്ലാസ്സുകളില്‍ സയന്‍സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാകും ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പരിണാമ സിദ്ധാന്തവും പിരിയോഡിക് ടേബിളും പഠിക്കാനാവുക. അതുപോലെ തന്നെ ജനകീയ സമരങ്ങളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പഠിക്കാന്‍ പത്താം ക്ലാസ്സിനുശേഷം ഹ്യുമാനിറ്റിസ് പ്രധാന വിഷയമായി എടുക്കേണ്ടിവരും. 

ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തുടങ്ങിയ ഭാഗങ്ങളും സിലബസില്‍ നിന്നും പുറത്താക്കിയിരുന്നു. പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും പുറത്താക്കപ്പെട്ടു. പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ 1800 ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്നും, ഈ ഭാഗങ്ങള്‍ 12-ാം ക്ലാസ്സില്‍ പഠിക്കാനുണ്ടെന്നുമാണ് ഈ വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരിന്റെ പ്രതികരണം. 

2017 ല്‍ എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളെക്കുറിച്ചുള്ള പുതിയ പരാമര്‍ശങ്ങള്‍, പുരാതന ഇന്ത്യ തുടങ്ങിയവയുടെ ഉള്ളടക്കം വര്‍ധിപ്പിച്ചു. 2018-ല്‍ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരം എന്‍സിഇആര്‍ടിയുടെ എല്ലാ വിഷയങ്ങളിലെയും ഉള്ളടക്കം പകുതിയായി കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി സോഷ്യല്‍ സയന്‍സ് പാഠപുസ്തകങ്ങളിലാണ് കൂടുതല്‍ വെട്ടികുറയ്ക്കലുകള്‍ വരുത്തിയത്. വസ്ത്രം, സാമൂഹിക പ്രസ്ഥാനങ്ങള്‍ നമ്മുടെ വസ്ത്രധാരണത്തെ എങ്ങനെ സ്വാധീനിച്ചു, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം, ജാതി, സമുദായം എന്നിവയുമായുള്ള അതിന്റെ രാഷ്ട്രീയം തുടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്തു. 

ഭയക്കുന്നത് എന്തിനെയൊക്കെ? 

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റമാണ് പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കംചെയ്യല്‍, മുഗള്‍ കാലഘട്ടവും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടവയുടെ ഉള്ളടക്കം കുറയ്ക്കല്‍, പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള വെട്ടിനിരത്തല്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. 

ഹിന്ദുത്വവാദികള്‍ക്കിടയിലെ മഹാത്മാഗാന്ധിയുടെ ജനപ്രീതിയില്ലായ്മയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തതും ഗാന്ധിജിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ പരമ്പരാഗത ഇന്ത്യന്‍ ചരിത്രത്തിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുള്ള ഉള്ളടക്കവും പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി വെട്ടിമുറിക്കപ്പെട്ടു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ഈ സമീപകാല മാറ്റങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചു. 

മഹാത്മാ ഗാന്ധിക്കും മുഗള്‍ സാമ്രാജ്യത്തിനും പിന്നാലെ അബ്ദുള്‍ കലാം ആസാദിനെയും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കശ്മീര്‍ ലയനത്തിനുണ്ടായിരുന്ന ഉപാധിയെക്കുറിച്ചുള്ള പരാമര്‍ശവും നീക്കം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുള്‍ കലാം ആസാദിന്റെ പേരില്‍ നല്‍കിപ്പോന്ന സ്‌കോളര്‍ഷിപ്പും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. കൂടാതെ, ഏഴാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിലെ മുഗള്‍ സാമ്രാജ്യം എന്ന അധ്യായവും നീക്കം ചെയ്തവയില്‍പ്പെടുന്നു. ചക്രവര്‍ത്തിമാരായ ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നിവരുടെ ഭരണകാല നേട്ടങ്ങള്‍ വിവരിക്കുന്നതും നീക്കം ചെയ്തിട്ടുണ്ട്.   

2002-2003 ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളെ ക്രൂരമായ അക്രമകാരികളായും മധ്യകാലഘട്ടം മുന്‍കാല ഹിന്ദു സാമ്രാജ്യങ്ങളുടെ തിളക്കത്തിന്മേല്‍ നിഴല്‍ വീഴ്ത്തിയ ഇസ്ലാമിക ആധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമായും ചരിത്രം തിരുത്തിയെഴുതി. 2004 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഈ പുസ്തകങ്ങള്‍ റദ്ദാക്കുകയും ചെയ്തു. രാജ്യത്തുടനീളം 18 സംസ്ഥാനങ്ങളിലെ അഞ്ചുകോടിയിലധികം വിദ്യാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ, നീറ്റ്, എസ്എസ്‌സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്.

ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പാഠപുസ്തകങ്ങളില്‍ നിന്ന് ഖലിസ്ഥാനി പരാമര്‍ശവും നീക്കാനൊരുങ്ങുകയാണ് എന്‍സിഇആര്‍ടി. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നാണ് ഖലിസ്ഥാന്‍ പരാമര്‍ശം നീക്കം ചെയ്യുക. 1973 ലെ ആനന്ദ്പൂര്‍ പ്രമേയം വിഘടനവാദത്തെയും ഖലിസ്ഥാനെയും പിന്തുണയ്ക്കുന്നു. ഖലിസ്ഥാന്‍ പരാമര്‍ശമുള്ള രണ്ടു വാക്യങ്ങള്‍ പാഠഭാഗത്തുനിന്ന് നീക്കാനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി പാഠ്യപദ്ധതിയെ യോജിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ അവ പഠിക്കുന്നതു നിയന്ത്രിക്കുന്നതുമാണ് പാഠപുസ്തക പരിഷ്‌കരണമെന്ന ആരോപണവും ശക്തമാണ്.


#Daily
Leave a comment